കോട്ടയം: തിരുവനന്തപുരം കിളിമാനൂരിൽ വീടിനു മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദിച്ച കേസിൽ ചങ്ങനാശേരിയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വിഷയത്തിൽ മൂന്നു പേരും കുറ്റക്കാരാണെന്നു കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്.പിയുടെ ചുമതല വഹിക്കുന്ന ഡിസിആർബി ഡിവൈഎസ്പി അനീഷ് വി.കോരയാണ് സമർപ്പിച്ചത്. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ആർ.കാർത്തിക് മൂന്നു പേരെയും സസ്‌പെന്റ് ചെയ്യുകയായിരുന്നു.
ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ നിബാസ്, പ്രശാന്ത് , ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജെബിൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പൊയ പൊലീസുകാർ വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ വീട്ടുടമ ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് കയ്യാങ്കളി ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ്റിങ്ങൽ നഗരൂരിൽ നടന്ന കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി പോയതായിരുന്നു ഈ പൊലീസുകാർ. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്‌കോ മദ്യവിൽപനശാലയിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇവർ സമീപത്തുള്ള വീടിനരികിൽ മൂത്രമൊഴിക്കുകയായിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥനായ ഈ വീടിന്റെ ഗൃഹനാഥൻ ഇവരുടെ നടപടി ചോദ്യം ചെയ്തു വരികയും പിന്നീട് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വൈകാതെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി. ഈ പൊലീസുകാരെ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.