വൈക്കം : വൈക്കത്ത് ജൂഡ് ആന്റണിയുടെ സിനിമാ സെറ്റിൽ ഡിവൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെയാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസും സംഘവും ചേർന്ന് പിടികൂടിയത്. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസിൽ ഡാർവിൻ മകൻ ധനുഷ് ഡാർവിൻ (27) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിംഗ് സെറ്റിന്റെ മുൻവശം വച്ചാണ് സംഭവം. സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ മിഥുൻജിത്ത് ജോലി കഴിഞ്ഞു വരുമ്പോഴാണ് ധനുഷ് ഡാർവിന്റെ നേതൃത്വത്തിലുള്ള സംഘം കമ്പിവടിയും മറ്റ് മാരക ആയുധങ്ങളുമായി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കുകയും ധനുഷ് ഡാർവിനെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം ഡി.വൈ.എസ്.പി. തോമസ്ഏ.ജെ.,തലയോലപ്പറമ്പ് എസ്. എച്ച്. ഓ. കെ എസ് ജയൻ, എസ്.ഐ. മാരായ ദീപു ടി.ആർ,സിവി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്ക് വൈക്കം പോലിസ് സ്റ്റേഷന് പരിധിയില്‍ മറ്റു കേസുകളും നിലവിലുണ്ട്. ഇയാളോടോപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.