കോട്ടയം : കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി നാഗമ്പടം റെയിൽവേ ഭാഗം ഉഴത്തിൽ പറമ്പിൽ വീട്ടിൽ രാജു മകൻ വർണ്ണൻ എന്ന് വിളിക്കുന്ന വർണ്ണസുതൻ (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ഇയാള്‍ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ഈസ്റ്റ്, വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് വിൽപ്പന, സ്ത്രീകളെ ഉപദ്രവിക്കുക, സർക്കാർ മുതലുകൾ നശിപ്പിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണത്തെ തടസ്സപ്പെടുത്തുക, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും ഇത്തരത്തിലുള്ള ക്രിമിനലുകൾക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.