തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തതായി എന്‍ഐഎ. സംസ്ഥാനത്തെ 56 ഇടങ്ങളിലായിരുന്നു റെയ്ഡ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് എറണാകുളം ജില്ലയിലാണ്. ജില്ലയിലെ 12 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലാപ്ടോപ്പുകള്, രേഖകള്‍ തുടങ്ങിയ പിടിച്ചെടുത്തിട്ടുണ്ട്. ചക്കുവള്ളിയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക്ലെറ്റുകളും പിടിച്ചെടുത്തു. ഓച്ചിറയില്‍ നിന്ന് മൊബൈല്‍ഫോണ്‍, സിംകാര്‍ഡ്, പിഎഫ്ഐ യൂണിഫോം എന്നിവ കണ്ടെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ടയില്‍ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. കുറ്റിക്കാട്ടൂരില്‍ നിന്ന് മൊബൈല്‍ഫോണും ചില രേഖകളും കണ്ടെടുത്തു. തിരുവനന്തപുരം മുന്‍ സോണല്‍ പ്രസിഡന്റ് നവാസിന്റെയും ഭാര്യയുടേയും ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.
റെയ്ഡ് വിവരം ചോര്‍ന്നു
തൃശൂരില്‍ കേച്ചേരിയിലും ചാവക്കാട്ടും, തിരുവനന്തപുരത്ത് തോന്നയ്ക്കലും നെടുമങ്ങാട്ടും റെയ്ഡ് നടന്നു.
പത്തനംതിട്ടയിലെ പിഎഫ്ഐ നേതാവ് മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ നിന്നും മൂന്ന് പെന്‍ഡ്രൈവ്, ഒരു ലാപ്ടോപ്, നാലു പുസ്തകങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ റെയ്ഡ് വിവരം ചോര്‍ന്നയായി സംശയം ഉയര്‍ന്നിട്ടുണ്ട്. എന്‍ഐഎ സംഘം റെയ്ഡിന് എത്തുന്നതിന് മുമ്പ് മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് സ്ഥലം വിട്ടിരുന്നു.
ഒരാള്‍ കസ്റ്റഡിയില്‍, വീട്ടില്‍ ആയുധങ്ങളും
റെയ്ഡില്‍ കൊച്ചി എടവനക്കാട് പിഎഫ്ഐ പ്രവര്‍ത്തകനായ മുബാറക്കിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തതായാണ് സൂചന. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നതിനായി കൊച്ചി എന്‍ഐഎ ഓഫീസിലെത്തിച്ചു.
റെയ്ഡിന് ഡൽഹിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി
ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം കേരളത്തിലെത്തിയാണ് സംസ്ഥാനത്തെമ്പാടും റെയ്ഡ് നടത്തിയത്. പിഎഫ്ഐ നേതാക്കളുടെ വീടുകളിലും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളിലുമാണ് പ്രധാനമായും പരിശോധന. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ റെയ്ഡ് തെളിവ് ശേഖരണത്തിന്റെ ഭാഗമാണെന്ന് എന്‍ഐഎ അറിയിച്ചു.