ഇ-ഗവേണൻസ് വഴി സേവനങ്ങൾ നൽകുന്നതിൽ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണ നിർവ്വഹണത്തിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യയിലെ ആധുനിക സങ്കേതങ്ങൾ ഉൾക്കൊള്ളിച്ച് വികസിപ്പിച്ച സോഫ്ട്വെയർ സംവിധാനമായ ഇന്റഗ്രേറ്റെഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGMS) വഴി സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ മികവ് വിലയിരുത്തി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നിന്നും ഒന്നാമതായി മരങ്ങാട്ടുപിള്ളി തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമപഞ്ചായത്തുകളിൽ നിന്നും നൽകിവരുന്ന ഇരുന്നൂറോളം സേവനങ്ങൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനും ഓൺലൈൻ ആയി ഫീസ് അടവാക്കുന്നതിനും വിവിധ തലത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനും ILGMS വഴി സാധിക്കുന്നു.
സിറ്റിസൺ സർവ്വീസ് പോർട്ടലിലൂടെ (citizen.lsgkerala.gov.in) ലഭിക്കുന്ന അപേക്ഷകൾ ILGMS മുഖേന കൈകാര്യം ചെയ്ത് സമയബന്ധിതമായും കൃത്യമായും സേവനം നൽകുന്നു. പൊതുജനങ്ങൾക്ക് പഞ്ചായത്തിൽ വരാതെ തന്നെ സേവനങ്ങൾ വിരൽതുമ്പിലൂടെ ലഭ്യമാകുന്നു.