20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബുധനാഴ്ച നെതർലൻഡ്സിനെ നേരിടാനിരിക്കെ, യുവ ഓപ്പണർ അഭിഷേക് ശർമ്മ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ 18 മാസമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ വിസ്മയങ്ങള്‍ തീർത്ത അഭിഷേകിന് ഈ ലോകകപ്പില്‍ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം, ഉദരരോഗം കാരണം രണ്ടാം മത്സരം നഷ്ടമാവുകയും പാകിസ്ഥാനെതിരായ നിർണ്ണായക പോരാട്ടത്തില്‍ വീണ്ടും റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു.
അവസാന ആറ് ഇന്നിംഗ്സുകളില്‍ നാല് തവണയും പൂജ്യത്തിന് പുറത്തായ അഭിഷേക് തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. എതിരാളികള്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് രീതികള്‍ കൃത്യമായി പഠിച്ച് ഫീല്‍ഡിംഗ് വിന്യസിക്കുന്നുണ്ട്. എന്നിരുന്നാലും, മറുഭാഗത്ത് ഇഷാൻ കിഷൻ തകർപ്പൻ ഫോമില്‍ തുടരുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഇന്ത്യ ഇതിനകം സൂപ്പർ 8 യോഗ്യത നേടിയതിനാല്‍, സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനും റണ്‍സ് കണ്ടെത്താനും അഭിഷേകിന് ലഭിക്കുന്ന സുവർണ്ണാവസരമാണ് അഹമ്മദാബാദിലെ ഈ പോരാട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാറ്റിംഗില്‍ ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി സ്പിന്നിനെതിരെയുള്ള മന്ദഗതിയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ നമീബിയൻ, പാകിസ്ഥാൻ സ്പിന്നർമാർക്ക് മുന്നില്‍ ഇന്ത്യൻ ബാറ്റർമാർ പതറിയിരുന്നു. നെതർലൻഡ്സ് സ്പിന്നർമാരായ ആര്യൻ ദത്തും വാൻ ഡെർ മെർവെയും അത്ര അപകടകാരികളല്ലെങ്കിലും ജാഗ്രത പാലിക്കാനാണ് ടീം മാനേജ്മെന്റ് നല്കുന്ന നിർദ്ദേശം.
ബൗളിംഗ് നിരയില്‍ സൂപ്പർ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ട്. പേസ് കുന്തമുന ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കിയാല് അർഷദീപ് സിംഗും മുഹമ്മദ് സിറാജും പേസ് ആക്രമണം നയിക്കും. വരുണ്‍ ചക്രവർത്തിയും അക്സർ പട്ടേലുമായിരിക്കും പ്രധാന സ്പിന്നർമാർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ടൂർണമെന്റിലെ ഉയർന്ന സ്കോറുകള്‍ക്ക് സാക്ഷ്യം വഹിച്ച പിച്ചാണ്. അതുകൊണ്ട് തന്നെ ഒരു വമ്ബൻ സ്കോർ ഉയർത്തി ഗ്രൂപ്പ് ഘട്ടം അപരാജിതരായി അവസാനിപ്പിക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം ആരാധകർക്ക് ഒരു ബാറ്റിംഗ് വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.


