പാലാ: ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ വയറിനു ഉൾപ്പെടെ അതീവ ഗുരുതര പരുക്കേറ്റ വിദേശ വനിത മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഫ്രാൻസ് സ്വദേശിനിയായ 56 കാരിയാണ് വിനോദസഞ്ചാരത്തിനായി തേക്കടിയിൽ എത്തിയപ്പോൾ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു അപകടം.
കുമളിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ വാരിയെല്ല് ഒടിഞ്ഞതായും വയറിലെ പ്ലീഹയും, പാൻക്രിയാസിന്റെ ഒരു ഭാഗവും തകർന്നതായും കണ്ടെത്തി. വയറിനുള്ളിൽ അതീവ രക്തസ്രാവം ഉണ്ടാകുകയും രക്തസമ്മർദ്ദം താഴ്ന്ന് അപകട നിലയിലുമായിരുന്നു വിദേശവനിത. കൂടാതെ കാലിലും നടുവിനും ഗുരുതര പരുക്കേറ്റിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ.രാജേഷ് ആന്റണിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പ്ലീഹയുടെ രക്തക്കുഴലുകൾ ബ്ലോക്ക് ചെയ്ത് രക്തസ്രാവം നിയന്ത്രിച്ചു. തുടർന്നു സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.മഞ്ജുരാജ് കെ.പി.യുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി വിദേശ വനിതയെ ജീവിതത്തിലേക്ക് തിരിച്ച് എത്തിക്കുകയായിരുന്നു.
പരുക്കേറ്റ് തകർന്ന പ്ലീഹയും, പാൻക്രിയാസിന്റെ ഭാഗവും കീഹോൾ ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റുകയും വയറിലെ രക്തസ്രാവം നീക്കം ചെയ്യുകയും ചെയ്തു. ഗ്യാസ്ട്രോഎന്ററോളജി കൺസൾട്ടന്റുമാരായ ഡോ.എ.ജി.ഹരിശങ്കർ, ഡോ.കിരൺനാഥ് എ.വി, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അനു ജനാർദ്ദനൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
ഓർത്തോപീഡീക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് രാജീവ്.പി.ബി, ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ആർ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കാലിലും നടുവിനും ഉണ്ടായ പരുക്കുകൾ ഭേദപ്പെടുത്തി. സുഖം പ്രാപിച്ച വിദേശ വനിത ഇന്ന് ഫ്രാൻസിലേക്ക് യാത്ര തിരിക്കും.
മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു ലഭിച്ച ഉന്നത ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും ഹൃദയത്തിൽ പതിഞ്ഞതായി വിദേശ വനിത പറഞ്ഞു. ചികിത്സാ ടീം അംഗങ്ങൾക്കും ആശുപത്രി മാനേജ്മെന്റിനും നന്ദി അറിയിച്ചാണ് ഫ്രാൻസിലേക്കുള്ള മടക്കം.


