കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ആദ്യമായി നൽകിയ മൊഴിയിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ പേരോ പരാമർശമോ ഉണ്ടായിരുന്നില്ലെന്ന് കോടതി. അന്വേഷണ ഘട്ടത്തിലാണ് ആക്രമണത്തിൽ ദിലീപിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കോടതി വ്യക്തമാക്കി.ലൈംഗിക അതിക്രമ കേസുകളിൽ സാധാരണയായി അതിജീവിതയുടെ മൊഴിക്ക് ലഭിക്കുന്ന പ്രാധാന്യം, ദിലീപിനെതിരായ ഗൂഢാലോചന കുറ്റത്തിൽ നൽകാനാവില്ലെന്നും കോടതി വിലയിരുത്തി. കാരണം, ദിലീപിനെതിരെ ആദ്യ മൊഴിയിൽ അതിജീവിത യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.പിന്നീട് നടന്ന അന്വേഷണത്തിലാണ് കുറ്റകൃത്യത്തിൽ ദിലീപിന്റെ പങ്കാളിത്തം പൊലീസ് കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
ദിലീപിൽ നിന്ന് പൾസർ സുനിക്ക് പണം ലഭിച്ചതിന് തെളിവുകളില്ല. ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചതുമായി ബന്ധപ്പെട്ടും, അതുവഴി പണത്തിനായി നാദിർഷയെ ബന്ധപ്പെട്ടു എന്ന വാദത്തിലും വ്യക്തതയില്ല. പണം ആവശ്യപ്പെട്ട് പൾസർ സുനി എഴുതിയതായി പറയുന്ന കത്ത് സുനിയുടെ കൈയ്യെഴുത്താണെന്ന് തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.ദിലീപും പൾസർ സുനിയും ഒരേ ടവർ ലൊക്കേഷനുകളിൽ ഉണ്ടായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദവും ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രം ഉപയോഗിച്ച് ഗൂഢാലോചന സ്ഥാപിക്കാൻ കഴിയില്ലെന്നും വിധിന്യായത്തിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൂട്ടിംഗിനായി തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതെന്നായിരുന്നു കേസ്. ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ദിലീപ് എട്ടാം പ്രതിയായിരുന്നു.എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.


