ന്യൂഡൽഹി: കേരളതീരത്തെ കടൽമണൽ ഖനനത്തിനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി. ടെൻഡറിൽ പങ്കെടുക്കാൻ ഒരു സ്ഥാപനം പോലും വരാത്തത് മൂലമാണിത്. കേരളത്തിന് പുറമേ ഗുജറാത്തിലും (പോർബന്തർ), നിക്കോബാർ ദ്വീപുകളിലും നടത്താനിരുന്ന ഓഫ്ഷോർ ടെൻഡർ നടപടിയും റദ്ദാക്കി. കേരളത്തിൽ കൊല്ലത്തിന് സമീപം 3 ബ്ലോക്കുകളിലെ ടെൻഡർ നടപടിക്കെതിരെ വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു.ഒരു വർഷത്തിനിടെ പത്തിലേറെ തവണയാണ് ടെൻഡറിനുള്ള സമയപരിധി നീട്ടിനൽകിയത്. എന്നിട്ടും കമ്പനികളെ ആകർഷിക്കാൻ കേന്ദ്രത്തിനായില്ല.കേരളമടക്കം മൂന്നിടങ്ങളിലായി 13 ബ്ലോക്കുകളായി തിരിച്ചായിരുന്നു ടെൻഡർ വിളിച്ചത്. ഇതിൽ പത്തിടത്തും ഒരു കമ്പനി പോലും താൽപര്യമറിയിച്ച് എത്തിയില്ല. ആകെയെത്തിയത് ആൻഡമാൻ ദ്വീപുകളിലെ 3 ബ്ലോക്കുകളിലാണ്.
എന്നാൽ ടെക്നിക്കൽ യോഗ്യതയുള്ളവരെ ഇതിൽ നിന്ന് തിരഞ്ഞെടുക്കാനും കേന്ദ്രത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് കഴിഞ്ഞ 2024 നവംബർ 24ന് പ്രഖ്യാപിച്ച ടെൻഡർ നടപടി പൂർണമായും റദ്ദാക്കിയത്. നിക്കോബാർ ദ്വീപുകളിൽ ബിഡ് നൽകിയ കമ്പനികളോട് നാളെ മുതൽ സെക്യൂരിറ്റി തുക തിരികെ വാങ്ങാൻ കേന്ദ്ര ഖനി മന്ത്രാലയം നിർദേശിച്ചു.കടലിൽ ഖനനം നടത്താനുള്ള ടെൻഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളതീരത്തെ കടൽമണൽ ഖനനം കേരളത്തിനും സംസ്ഥാന സർക്കാരിനുമാണ് ഏറ്റവും ഗുണകരമെന്നാണ് കേന്ദ്രം ലോക്സഭയിൽ അന്ന് വിശദീകരിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആശങ്കകൾ തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ജി.കിഷൻ റെഡ്ഡിയുടെ മറുപടി. പരിസ്ഥിതി ആഘാതപഠനം നടത്താതെ കേരളതീരത്ത് ഖനനം നടത്തുന്നത് പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ടെൻഡർ നേടുന്ന കമ്പനി തന്നെ പഠനം നടത്തുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.


