അടൂർ: അടൂരിലെ യുഡിഎഫ് സ്ഥാനാര്ഥിയ്ക്കെതിരേ മണ്ഡലത്തിലുടനീളം നോട്ടീസുകള് അച്ചടിച്ച് വിതരണം ചെയ്തവര്ക്കെതിരേയും പ്രിന്റിംഗ് സ്ഥാപനത്തിനെതിരേയും കര്ശന നടപടി സ്വീകരിക്കാന് ജില്ലാ കളക്ടര് നിര്ദേശിച്ചു. പ്രാഥമികാന്വേഷണത്തില് തന്നെ വ്യക്തിഹത്യയ്ക്കുള്ള ശ്രമം ബോധ്യപ്പെട്ടതിനാലാണ് നടപടി. നോട്ടീസുകള് പിടിച്ചെടുക്കാന് പ്രത്യേക സ്ക്വാഡിനെയും കളക്ടര് ചുമതലപ്പെടുത്തി.
വ്യാജ നോട്ടീസുകള് അച്ചടിച്ച സ്ഥാപനം കണ്ടെത്തി അടച്ചുപൂട്ടുന്നതടക്കമുള്ള നടപടി സ്വീകരിക്കാനാണ് നിര്ദേശം. കളക്ടറുടെ നിർദേശ പ്രകാരം കേസെടുത്ത അടൂർ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും എല്‍ഡിഎഫ് പ്രതിഷേധത്തേ തുടർന്ന് ഇവരെ വിട്ടയച്ചു.
സ്ഥാനാര്ഥിയുടെ പേരില് വ്യാജമായി നിര്മിച്ച നോട്ടീസ് വിതരണം ചെയ്ത ആളുകള്ക്ക് എതിരേ നടപടി സ്വീകരിക്കാനായിരുന്നു കളക്ടറുടെ നിർദേശം. സ്ഥാനാര്ഥിയെ അധിക്ഷേപിക്കുന്ന രീതിയില് സോഷ്യല് മീഡിയയില് പോസ്റ്റുകള് വരുന്നുണ്ടെന്നുള്ള പരാതിയില് കര്ശന നടപടി സ്വീകരിക്കാനും പോലീസിനു നിര്ദേശം നല്കിയിരുന്നതാണ്. ശാന്തകുമാർ കൊലപാതക കേസില്‍ പ്രതിയാണെന്നും മറ്റുമുള്ള പരാമർശങ്ങളാണ് ചൊവ്വാഴ്ച മുതല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിച്ച നോട്ടീസില്‍ ഉള്ളത്. നോട്ടീസില് പ്രിന്ററിന്റെയോ പബ്ലിഷറിന്റെയോ പേരും വിവരങ്ങളുമില്ല. അതുകൊണ്ടുതന്നെ പോലീസിനോട് ഇതെവിടെ നിന്നാണ് ഏത് പ്രിന്റിംഗ് പ്രസില് നിന്നാണ് വന്നതെന്ന് കണ്ടെത്താനും അതിനുശേഷം നടപടി എടുക്കാനുമാണ് നിര്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ഡലത്തില് വ്യാപകമായി പരിശോധന നടത്തി വ്യാജ നോട്ടീസുകള് പിടിച്ചെടുക്കും.പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി. നേരത്തെ അടൂർ മണ്ഡലം വരണാധികാരി കൂടിയായ ആർഡിഒയ്ക്കു യുഡിഎഫ് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് കളക്ടറെ സമീപിച്ചത്. ചൊവ്വാഴ്ച രാത്രി അടൂർ ആർഡിഒയിലെത്തിയ കളക്ടർ യുഡിഎഫ് നേതാക്കളുടെ പരാതി കേട്ടു. തുടർന്നാണ് ഉദ്യോഗസ്ഥർക്കു നിർദേശം നല്‍കിയത്.
അടൂര് നിയോജകമണ്ഡലത്തില് ഇടതുമുന്നണി നേതൃത്വത്തില് വ്യാപകമായി വ്യാജ നോട്ടീസുകള് പ്രചാരണം നടത്തുകയാണെന്ന് യുഡിഎഫ് നേതാക്കള് ജില്ലാ കളക്ടറോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന് സ്ഥലങ്ങളിലും കര്ശന പരിശോധന നടത്തി കുറ്റക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കാന് ജില്ലാ കളക്ടര് പത്തനംതിട്ട എസ്പിയോടും അടൂര് റിട്ടേണിംഗ് ഓഫീസറോടും അടൂര് ഡിവൈഎസ്പിയോടും നിര്ദ്ദേശിച്ചു.
ഇതിനിടെ ഇന്നലെ രാവിലെ യുഡിഎഫ് പ്രവർത്തകർ ആർഡി ഓഫീസ് പടിക്കല്‍ സ്ഥാനാർഥിയുടെ നേതൃത്വത്തില്‍ സമരവുമായി രംഗത്തെത്തി. പിന്നാലെ എല്‍ഡിഎഫ് പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പടിക്കലും ധർണ നടത്തി. ഇതിനിടെ മാധ്യമങ്ങളെ കണ്ട സി.വി. ശാന്തകുമാർ വൈകാരികമായി പ്രതികരിക്കുകയും എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസങ്ങളില്‍ വ്യാജ നോട്ടീസുകളും പ്രചാരണങ്ങളും അടൂരില്‍ തുടർക്കഥയാണെന്നും 2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.ജി. കണ്ണനെതിരേ ഇത്തരത്തില്‍ വ്യാജനോട്ടീസുകള്‍ പ്രചരിപ്പിച്ചിരുന്നതായും യുഡിഎഫ് മണ്ഡലം കണ്‍വീനർ തോപ്പില്‍ ഗോപകുമാർ ആരോപിച്ചു.
വിവാദ നോട്ടീസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണനും സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും പ്രതികരിച്ചു. ഇതിന്റെ പേരില്‍ എല്‍ഡിഎഫ് പ്രവർത്തകരെ കുടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎസ്പി ഓഫീസില്‍ നേതാക്കള്‍ എത്തിയതെന്നും ഇരുവരും പറഞ്ഞു.

