അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമാ കെയര്‍ പൂര്‍ണതോതില്‍ സജ്ജമാക്കും: മന്ത്രി വീണാ ജോര്‍ജ്

അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ രാവിലെ ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് എത്തുന്ന രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കും. ഇതിനായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കും.
ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി 14.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം ബഹുനില കെട്ടിടം പണികഴിപ്പിച്ച് കൂടുതല്‍ സൗകര്യമൊരുക്കും. ഇതിനു ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞു. കൂടാതെ ഐഎച്ച്ആര്‍ഡി കോളജിന്റെ സ്ഥലം ഏറ്റെടുത്ത് അവിടെയും ആശുപത്രിക്കായി കെട്ടിട സമുച്ചയമടക്കമുള്ള പദ്ധതികളും നടപ്പാക്കും. വനിതകളുടെയും കുട്ടികളുടെയും പ്രത്യേക ബ്ലോക്കും ഇവിടെ വരുന്നുണ്ട്. ഇതിന്റെ രൂപരേഖ തയാറാക്കുന്ന നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ നഗരസഭാ അധ്യക്ഷന്‍ ഡി. സജി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ റോണി പാണംതുണ്ടില്‍, ഡിഎംഒ(ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി, ആര്‍എംഒ ഡോ. സാനി സോമന്‍, എച്ച്എംസി അംഗം പി.ബി. ഹര്‍ഷകുമാര്‍, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. മനോജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രി ആശുപത്രിയിലെ ഒപിയും അത്യാഹിത വിഭാഗവും ട്രോമാകെയര്‍ യൂണിറ്റുമൊക്കെ സന്ദര്‍ശിച്ചു.

Advertisements

Hot Topics

Related Articles