കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആവേമരിയ ബസ് ജീവനക്കാരെ ജോർജ് കുട്ടി ബസ് ജീവനക്കാർ ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആവേമരിയ ബസിൻ്റെ ഡ്രൈവർ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ അഞ്ചു തുന്നിക്കെട്ടൽ വേണ്ടി വന്നു. രാവിലെ ഒൻപതരയോടെ കോതനല്ലൂരിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും വരികയായിരുന്നു അവേമരിയയുടെ ഉടമസ്ഥതയിലുള്ള ജെഫീന എന്ന ബസ്. എറണാകുളത്ത് നിന്നും കടുത്തുരുത്തി വഴി വരുന്ന ജോർജ് കുട്ടി എന്ന ബസ് ഈ സമയം , ആവേമരിയയുടെ മുന്നിൽ വട്ടം കയറ്റി വയ്ക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ജോർജ് കുട്ടിയിലെ ജീവനക്കാരായ ഷാനുവും, മെഡോൺ തമ്പി എന്നിവരും ചേർന്ന് ബസ് തടയുകയായിരുന്നു. തുടർന്ന് രണ്ട് കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജോർജ് കുട്ടിയിലെ ജീവനക്കാർ കൈയിൽ കരുതിയിരുന്ന എന്തോ ആയുധം ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയായിരുന്നുവെന്ന് ആക്രമണത്തിൽ പരിക്കേറ്റ ആവേമരിയയിലെ ഡ്രൈവർ രഞ്ജിത്ത് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ രഞ്ജിത്തിനെ കുറവിലങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

