ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിനായ് പി.എസ്.സി. വഴി നിയമിതരായ എൽ.പി എസ്.ടി.എ. അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ. കെ.എസ്.ടി.എ., കെ.പി.എസ്.ടി.എ. അധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു.
കെ.എസ്.ടി.എ. ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഉത്തരവള മരവിപ്പിക്കാൻ തീരുമാനമായി. ഇതിനിടെ കെ.പി.എസ്.ടി.എ. ജില്ലാക്കമ്മിറ്റിയും പ്രതിഷേധവുമായെത്തി.
സർക്കാരിനെ കരിവാരിത്തേക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ജില്ലയിലെ വിവിധ സ്കൂളുകളിലുള്ള 35 ജൂനിയർ അധ്യാപകരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്. ഈ അധ്യായന വർഷത്തെ തസ്തിക നിർണയത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവുകളുടെ അഭാവത്തിൽ ബുധനാഴ്ചയോടെ പിരിച്ചുവിടുന്നുവെന്ന് കാട്ടിയാണ് ഉത്തരവു ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.ടി.എ.യുടെ കുത്തിയിരുപ്പ് സമരത്തിന് സംസ്ഥാന എക്സിക്യൂട്ടീവംഗം സി.ജ്യോതികുമാർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി ടി.ജെ. അജിത്ത്, ജില്ല പ്രസിഡന്റ് ജോസഫ് മാത്യു, സംസ്ഥാന കമ്മിറ്റിയംഗം സിന്ധു, ജില്ല ഭാരവാഹികളായ എസ്. ധനപാൽ, ജിജോ ജോസഫ്, കെ. അനിൽകുമാർ,വി.എസ്. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.


