ആലപ്പുഴ ബീച്ച്​ കാർണവലിന്‍റെ മറവിൽ യു.ഡി.എഫ്​ ഭരണസമിതി നടത്തിയത്​ വൻഅഴിമതി​യെന്ന്​ എൽ.ഡി.എഫ്​

ആലപ്പുഴ: ആലപ്പുഴ ബീച്ച്​ കാർണിവലിന്‍റെ മറവിൽ യു.ഡി.എഫ്​ ഭരണസമിതി നടത്തിയത്​ വൻഅഴിമതിയെന്ന്​ എൽ.ഡി.എഫ്​ കൗൺസിലർമാർ ആരോപിച്ചു. ഇത്​ പുറത്തുവരാതിരിക്കാനാണ്​ നഗരസഭ കൗൺസിൽയോഗത്തിൽ വിഷയം ചർച്ചചെയ്യാതെ ഭരണസമിതി ഒളിച്ചുകളി നടത്തുന്നത്​. ബീച്ച്​ കാർണിവലിന്​ നഗരസഭാധ്യക്ഷ മൂൻകൂർ നൽകിയ അനുവാദം സാധൂകരിക്കാനാണ്​ അജണ്ടകൾ ചർച്ചപോലുമില്ലാതെ ​പാസാക്കിയത്​. നഗരസഭ നൽകിയ ടിക്കറ്റിൽ തീയതിയും സീലും സീരിയൽ നമ്പരും തെളിഞ്ഞിരുന്നില്ല. ഇത്തരം വ്യാജടിക്കറ്റുകൾ വിതരണം നടത്തിയതിന്​ കൂട്ടുനിന്നത്​ ഭരണകക്ഷിയിലെ ചില കൗൺസിലർമാരാണ്​. നികുതിവെട്ടിപ്പും ഗുരുതര പാരിസ്ഥിതിക മലിനീകരണവും ​നടത്തിയതായി നേരിട്ട്​ ബോധ്യപ്പെട്ടിട്ടും ആരോപണവിധേയായ കമ്പനിക്ക്​ കൗൺസിൽയോഗത്തിൽ ചർച്ച നടത്താതെയാണ്​ മുൻകൂർ അനുമതി നൽകിയത്​. ഇതിനൊപ്പം കാർണിവൽ നീട്ടികൊടുത്തതോടെ നികുതി ഇനത്തിൽ ​മാത്രം കിട്ടേണ്ട വൻതുകയുടെ വെട്ടിപ്പാണ്​ നടത്തിയത്​. കളക്ഷൻ ഇനത്തിൽ 20കോടിയോളം രൂപയാണ് കിട്ടിയത്​. 10ശതമാനം നികുതി കണക്കാ​ക്കിയാൽ രണ്ടുകോടി രൂപയാണ്​ കിട്ടേണ്ടത്​. നിലവിൽ 12ലക്ഷം രൂപയാണ്​ നഗരസഭക്ക്​ കിട്ടിയത്​. വെള്ളച്ചാട്ടത്തിനായി ഉപയോഗിച്ചത്​ ശുദ്ധജലമായിരുന്നില്ല. കോളിഫാം ബാക്ടീരയുടെ അളവ്​ അപകടകരമാംവിധം കൂടുതലായിരുന്നു. ഇ​തേത്തുടർന്ന്​ കുട്ടികളടക്കം നൂറിലേറെ പേർക്ക്​ ത്വക്ക്​ രോഗങ്ങളടക്കങ്ങളടക്കം ബാധിച്ചു. ഇതിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും കാർണിവലുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ നീക്കാനും പിടിച്ചെടുക്കാനും നടപടിയെടുത്തില്ല.
പ്രതിപക്ഷാംഗങ്ങൾ ബോധപൂർവം കൗൺസിൽയോഗം തടസ്സപ്പെടുത്തുന്നുവെന്ന നുണപ്രചാരണമാണ്​ നഗരസഭാധ്യക്ഷ നടത്തുന്നത്​. ജൂൺ 27ന്​ നടന്ന കൗൺസിൽയോഗത്തിൽ അംഗങ്ങളുടെ വിയോജനകുറിപ്പ്​ രേഖപ്പെടുത്തിയതോടെ നഗരസഭ സെക്രട്ടറി ഇടപെട്ട്​ മാറ്റിവെച്ചതും പാസാക്കിയതുമായ അജണ്ടകൾ വീണ്ടും ചർച്ച നടത്തണമെന്ന ആവ​ശ്യമാണ്​ ഇടതുപക്ഷം ഉന്നയിച്ചത്​. വസ്തുതകൾ കൗൺസിൽയോഗത്തിൽ ചർച്ച നടത്തി ആർജവമായ തീരുമാനം കൈകൊള്ളണം. നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക്​ അടിയന്തരമായി പരിഹാരം കാണാൻ പ്രത്യേക കൗൺസിൽയോഗം വിളിക്കണം. എയ്​റോബിക്​ യൂനിറ്റുകളിലടക്കം മാലിന്യംശേഖരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന നഗരസഭയിലെ മാലിന്യപ്രശ്നത്തിന്​ പരിഹാരമുണ്ടായില്ലെങ്കിൽ സമരം നഗരസഭയുടെ പുറത്തേക്ക്​ ശക്തമാക്കും. നഗരം ശുചീകരിക്കുന്നതിന്​ ആൾക്ഷാമം പരിഹരിക്കാൻ എം​​പ്ലോയ്​മെന്‍റ്​ എക്സ്​​ചേഞ്ച്​ വഴി അഭിമുഖം നടത്തി തെരഞ്ഞെടുത്ത തൊഴിലാളികളെ നിയമിക്കണം. വാർത്തസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ്​ വി.ജി. വിഷ്ണു, മുൻ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, കൗൺസിലർമാരായ ബിന്ദു തോമസ് കളരിക്കൽ, എസ്​. ഫൈസൽ എന്നിവർ പ​ങ്കെടുത്തു.

Advertisements

Hot Topics

Related Articles