പി.പി പ്രബലൻ
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംങ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത്. ആത്മഹത്യയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. എന്നാൽ, ശ്രദ്ധയുടെ ആത്മഹത്യ അക്ഷരാർത്ഥത്തിൽ ഒരു കൊലപാതകമായിരുന്നു എന്ന് തിരിച്ചറിയുന്നത് , ശ്രദ്ധയുടെ സഹപാഠികളുടെ പ്രതികരണം പുറത്ത് വരുമ്പോഴാണ്. കുട്ടികളെ കൂട്ടിലിട്ട് പഠിപ്പിച്ചു കുങ്കിയാനകളാക്കി പുറത്തു കൊണ്ടുവരാനുള്ള പീഡനമുറകൾ അരങ്ങേറുന്ന ഒരു തടിക്കൂടായിരുന്നു അൽജ്യോതി എൻജിനീയറിംങ് കോളേജെന്ന് തിരിച്ചറിയുമ്പോഴാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതല്ല, കൊല്ലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നത്.
മുൻപ് പത്താംക്ലാസ് വരെ സ്‌കൂളിന്റെ അച്ചടക്കത്തിന്റെയും, ഒതുക്കത്തിന്റെയും യൂണിഫോം ധരിച്ചിരുന്ന കുട്ടികൾ, പ്രീഡിഗ്രി എന്ന സ്വാതന്ത്ര്യത്തിലേയ്ക്ക് എത്തുകയാണ് ചെയ്തിരുന്നത്. കൗമാരകാലത്തിൽ പ്രീഡിഗ്രിയിൽ എത്തിയിരുന്ന കുട്ടികൾ സ്വാതന്ത്ര്യത്തോടെ ജീവിതം ആസ്വദിച്ച് പഠിച്ചു നടന്നിരുന്ന കാലം പ്ലസ്ടുവിലേയ്ക്ക് ഒതുങ്ങി. തീർത്തും കൗമാരക്കാരുടെ കാലത്തിന്റെ ചാപല്യത്തിൽ നിന്ന് അൽപം, പക്വതയോടെ പ്ലസ്ടു കഴിഞ്ഞ ശേഷമാണ് കുട്ടികൾ ഇപ്പോൾ കോളേജുകളിൽ എത്തുന്നത്. എന്നാൽ, ഈ കുട്ടികളെ പോലും ചങ്ങലയ്ക്കിട്ട് ശൗര്യം കെടുത്തിക്കളയാനാണ് കോളേജ് മാനേജ്‌മെന്റുകൾ ശ്രമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിഫോമിൽ നിന്ന് മോചനം നേടി വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞാണ് കുട്ടികൾ നേരത്തെ കലാലയങ്ങളിൽ എത്തിയിരുന്നത്്. എന്നാൽ, എൻജിനീയറിംങ് കോളേജുകൾ പോലെയുള്ള പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചെത്തിയതോടെ ഇപ്പോൾ എയ്ഡഡ് കോളേജുകൾ പോലും ബിരുദ്ധ പഠനത്തിനായി യൂണിഫോമുകൾ കർശനമാക്കി തുടങ്ങിയിട്ടുണ്ട്. ഇത്തരം ഒരു കർശന നിയന്ത്രണ സാഹചര്യത്തിലാണ് അമൽജ്യോതി എൻജിനീയറിംങ് കോളേജിലെ പെൺകുട്ടിയുടെ ആത്മഹത്യ ചർച്ചയായി മാറുന്നത്.
സഭാ നിയന്ത്രണത്തിലുള്ള, വൈദികർ നേതൃത്വം നൽകുന്ന കോളേജുകളിലെ പഠനം എന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളെ ദൈവതുല്യമായ കാലമായിരുന്നു. എന്നാൽ, കഴുത്തറക്കുന്ന ഫീസ് വാങ്ങി, കുട്ടികളെ അടിച്ചും കുത്തിയും തല്ലിയും പഠിപ്പിച്ച് കുങ്കിയാനകളാക്കി മെരുക്കി നാട്ടിലിറക്കി വിടാനും, ഈ റിസൾട്ടിന്റെ മെച്ചത്തിൽ അടുത്ത വർഷവും വിദ്യാഭ്യാസം കച്ചവടവൽക്കരിച്ച് കോടികൾ ളോഹയുടെ പോക്കറ്റിലാക്കാനും നടക്കുന്ന വൈദിക പ്രമാണിമാർ പക്ഷേ യുവത്വത്തിന്റെ പ്രസരിപ്പും ഊർജവും അക്ഷരാർത്ഥത്തിൽ തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്.
ഭക്ഷണം മോശമായാൽ കോളേജ് ക്യാമ്പസിനുള്ളിൽ പ്രതികരിക്കുന്നവനെ ഭീഷണിപ്പെടുത്തി വരിയുടച്ചു വിട്ടാൽ, പുറത്തിറങ്ങി മോശമായ ഭക്ഷണം നൽകുന്ന ഹോട്ടലിനെതിരെ അവൻ പിന്നീടൊരിക്കലും പ്രതികരിക്കില്ല. മോശമായി പെരുമാറുന്ന അധ്യാപകനോട്, അധ്യാപികയോട് എതിർത്തും കയർത്തും സംസാരിക്കുന്നവനെ അച്ചടക്കത്തിന്റെ കൂച്ചുചങ്ങലയിട്ട് തളച്ചു നിർത്തിയാൽ ജീവിതകാലം മുഴുവൻ ആ ചങ്ങലപൊട്ടിച്ചെറിയാൻ അവൻ ഭയപ്പെടുക തന്നെ ചെയ്യും. ഏതൊരു യുവാവിന്റെയും ജീവിതവും അസ്ഥിത്വവും പെരുമാറ്റ രീതികളും വാർത്തെടുക്കുന്നത് കോളേജ് കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിൽ അവൻ നേരിടുന്ന പരിശീലനം അവന്റെ ജീവിതകാലം മുഴുവൻ ചിറക് വിടർത്തി പറക്കാനുള്ള ഊർജം നൽകുന്നതാണ്.
കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിംങ് കോളേജിൽ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിന് പ്രതികരിച്ചതിന്, കുട്ടികൾ ഒന്നിച്ചിരുന്നതിന് അങ്ങിനെ അങ്ങിനെ ഒട്ടേറെ കാരണങ്ങളാണ് വിദ്യാർത്ഥികൾക്ക് ചൂണ്ടിക്കാണിക്കേട്ടി വന്നത്. എന്നാൽ, ഈ കാരണങ്ങളിലെല്ലാം മനസിലാകുന്നത് കുട്ടികളുടെ പ്രതികരണശേഷികളെല്ലാം ഇല്ലാതാക്കി പഠനം മാത്രം മതിയെന്ന രീതിയിൽ ബ്രോയിലർ കോഴികളാക്കി വളർത്തിയെടുക്കാനാണ് അമൽജ്യോതി അടക്കമുള്ള എൻജിനീയറിംങ് കോളേജുകൾ ശ്രമിക്കുന്നത്. സമൂഹത്തിലെ തിന്മകൾക്കെതിരെ ചാട്ടവാറെടുത്ത യേശുക്രിസ്തുവിന്റെ അനുയായികളായ വെള്ളക്കുപ്പായക്കാരാണ് ഇപ്പോൾ പ്രതികരിക്കാനൊരുങ്ങുന്ന കുട്ടികൾക്കു നേരെ ചാട്ടവാറോങ്ങുന്നതെന്നതാണ് ഏറെ ദയനീയം…!