സ്വാമി ശരണം :പേട്ടതുളളലിനായി അമ്പലപ്പുഴസംഘം യാത്ര തിരിച്ചു

ആലപ്പുഴ : ശരണം വിളികളാൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ സംഘം യാത്ര ആരംഭിച്ചു. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാർ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തങ്ങളുടെ ആചാര പരമായ ചടങ്ങുകളുടെ പൂർത്തീകരണത്തിനായാണ് യാത്ര പുറപ്പെട്ടത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിെന്റെ കിഴക്കേ നടയിൽ നിന്നും രാവിലെ ഏഴ് മണിക്കാണ് യാത്ര ആരംഭിച്ചത്.

ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻനമ്പൂതിരി സ്വർണ്ണത്തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി. ഈ സമയം മാനത്ത് കൃഷ്ണ പരുന്ത് വടമിട്ടു പറന്നു. തുടർന്ന് തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച് യാത്ര ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്ഷാധികാരി മുൻ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ , അമ്പലപ്പുഴ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. ശ്രീശങ്കർ, ബി.ജെ.പി. കേന്ദ്ര കമ്മറ്റി അംഗം കുമ്മനം രാജശേഖരൻ , ക്ഷേത്ര വികസന ട്രസ്റ്റ് സെക്രട്ടറി ടി. അംബുജാക്ഷൻ നായർ, എന്നിവർ സംഘത്തെ യാത്രയാക്കാനെത്തി. നൂറോളം ക്ഷേത്രങ്ങളിലും സംഘടനകളും യാത്രക്ക് സ്വീകരണം നൽകി

മുന്നൂറിൽപ്പരം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് പത്തു നാൾ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്.
അൻപത്തൊന്നു ദിവസത്തെ വൃതാനുഷ്ഠാനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് സ്വാമി ഭക്തർ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തി. രാവിലെ ക്ഷേത്രത്തിൽ നിർമ്മാല്യം തൊഴുത്, പ്രത്യേക വഴിപാടുകളും നടത്തിയ ശേഷമാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. യാത്രക്ക് മുന്നോടിയായി അമ്പലപ്പുഴ ക്ഷേത്രത്തിൽ അൻപതു ദിവസത്തെ അന്നദാനവും ഇരുപത്തിയൊന്ന് ആഴി പൂജകളും സംഘം നടത്തിയിരുന്നു.


അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ എത്തി അമ്പലപ്പുഴ ക്ഷേത്രത്തിൽ വിശ്രമിക്കുന്ന സംഘം ശനിയാഴ്ച രാവിലെ എരുമേലിയിലേക്ക് നീങ്ങും. ശനിയാഴ്ച കവിയൂർ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം ഞായറാഴ്ച സംഘം മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത്തി ആഴി പൂജാ ചടങ്ങുകൾക്ക് ശേഷം പത്തിന് എരുമേലിയിൽ എത്തും.

പതിനൊന്നിനാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ. രാവിലെ പേട്ട പ്പണം വക്കൽ ചടങ്ങിനു ശേഷം പതിനൊന്ന് മണിക്ക് കൊച്ചമ്പലത്തിൽ പേട്ടക്ക് ഒരുക്കങ്ങൾ ആരംഭിക്കും. മാനത്ത് കൃഷ്ണ പരുന്തിനെ ദർശിക്കുന്നതോടെ പേട്ട തുള്ളൽ ആരംഭിക്കും. പേട്ട തുള്ളലിൽ പങ്കെടുക്കുന്ന സ്വാമിമാരെയും പേട്ടതുള്ളൽ കാണാൻ എത്തുന്ന ഭക്തരേയും അനുഗ്രഹിക്കുന്നതിനായി അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ഗരുഢാരൂഢനായി എഴുന്നള്ളുന്നു എന്നതാണ് വിശ്വാസം.

Hot Topics

Related Articles