ടെഹ്റാൻ: പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇറാനെ ലക്ഷ്യമിട്ട് കടലില്‍ അമേരിക്കയുടെ സൈനിക വിന്യാസം നിലനില്‍ക്കെ പുതിയ നീക്കവുമായി ഇറാൻ.ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക വൻ സന്നാഹമൊരുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടെ, അമേരിക്കൻ പടക്കപ്പല്‍ വ്യൂഹത്തിന്റെ പൂർണ വിവരങ്ങള്‍ ഇറാൻ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തി. ‘എബ്രഹാം ലിങ്കണ്‍ ‘പടക്കപ്പലിനൊപ്പം മൂന്ന് പടക്കപ്പലുകള്‍ കൂടി അമേരിക്ക വിന്യസിച്ചതായാണ് ഇറാൻ പുറത്ത് വിട്ടത്. ഇതിനൊപ്പം 12 കപ്പലുകള്‍ കൂടി ചബഹർ തുറമുഖത്തിന് 1400 കിലോമീറ്റർ അകലെ നിലകൊള്ളുന്നുണ്ട്. ഇന്നലെ ഇറാൻ അയച്ച ഡ്രോണുകള്‍ വിജയകരമായി നിരീക്ഷണം പൂർത്തിയാക്കിയെന്ന് തെളിയിക്കുന്നതാണ് നീക്കം. അമേരിക്കൻ യുദ്ധക്കപ്പലിലേക്ക് നിരീക്ഷണ ഡ്രോണ്‍ അയച്ചെന്ന് സമ്മതിച്ച ഇറാൻ, ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എങ്കിലും ഉദ്ദേശിച്ച ഡാറ്റ പൂർണ്ണമായി കിട്ടിയെന്നാണ് ഇറാൻ ഉയർത്തുന്ന വാദം. ഇന്നലെയാണ് ഇറാൻ അയച്ച ഡ്രോണ്‍ അമേരിക്ക വീഴ്ത്തിയത്.
അതേ സമയം, ഇറാന്‍റെ ആവശ്യപ്രകാരം അമേരിക്കയുമായുള്ള സമാധാന ചർച്ച ഒമാനിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഒമാനിലെ ചർച്ചകളോടാണ് ഇറാന് താല്‍പര്യമെന്നാണ് റിപ്പോർട്ടുകള്‍. ഒമാൻ, തുർക്കി, മിഡില്‍ ഈസ്റ്റിലെ മറ്റ് രാഷ്ട്രങ്ങള്‍ എന്നിവ പരിഗണനയില്‍ ഉണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം ജൂണ്‍ 13ന് ചർച്ച മേശയിലിരിക്കെ ഇസ്രയേല്‍ ഇറാനില്‍ ആക്രമണം തുടങ്ങിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലെ ആണവ ചർച്ച ആറാം റൗണ്ടിലേക്കെത്തി നില്‍ക്കവേയായിരുന്നു ആക്രമണം. അതാണ് ഇറാന്റെ ഇപ്പോഴത്തെയും സംശയം. ചർച്ചയാകാം പക്ഷെ പിറകിലൂടെ ആക്രമണം നടക്കുമെന്ന അന്തരീക്ഷത്തില്‍ ആകില്ല. തുർക്കിയും ഒമാനും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളും വേദിയാകാൻ താല്‍പര്യം അറിയിച്ചിട്ടുണ്ട്. മുൻപ് ചർച്ചകള്‍ നടന്ന ഒമാൻ തന്നെയാണ് ഇറാന് താല്‍പര്യം. മേഖലയിലെ മറ്റ് രാഷ്ട്രങ്ങള്‍ പങ്കെടുക്കാനും സാധ്യതയുണ്ട്. കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അടിയറ വെക്കില്ലെന്നത് ഇറാന്റെ നിലപാടാണ്. തങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കാനും ഇറാൻ സമ്മർദം ചെലുത്തും. ഭരണം അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ട അമേരിക്ക മാധ്യമങ്ങളെ ബോധിപ്പിക്കാനാണ് കപ്പല്‍ വ്യൂഹത്തെ അയച്ചതെന്നും മാനസികമായ ആധിപത്യം തങ്ങള്‍ക്കാണെന്നും ഇറാൻ കരുതുന്നു.


