ലണ്ടൻ : ബഹിരാകാശ പര്യവേഷണത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട അപ്പോളോ 13ന്റെ റെക്കോർഡ് തകർത്ത് ആർട്ടെമിസ്-2 ദൗത്യസംഘം ചരിത്ര നേട്ടം കൈവരിച്ചു.ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ബഹുമതിയാണ് ഇനി ഈ ദൗത്യസംഘത്തിന് സ്വന്തം. ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30-ന് ആർട്ടെമിസ്-2 പേടകം അതിന്റെ യാത്രയിലെ ഏറ്റവും നിർണായകമായ പോയിന്റില്‍ എത്തും. ഇതോടെ ഭൂമിയില്‍ നിന്ന് 4,06,173 കിലോമീറ്റർ അകലെയെന്ന അപൂർവ നേട്ടം മനുഷ്യർ കൈവരിക്കും. 1970-ല്‍ അപ്പോളോ 13 സംഘം സ്ഥാപിച്ച റിക്കാർഡാണ് ഇതോടെ പഴങ്കഥയാകുന്നത്.
ഓറിയോണ്‍ പേടകം ചന്ദ്രോപരിതലത്തിന് ഏകദേശം 6000 കിലോമീറ്റർ വരെ അരികിലെത്തും. ഈ സമയം ചന്ദ്രൻ പേടകത്തിനും ഭൂമിക്കും ഇടയില്‍ മറയായി വരുന്നതിനാല്‍, ഈ ദൗത്യത്തിനിടയിലെ ഏകദേശം 40 മിനിറ്റോളം പേടകത്തിന് ഭൂമിയുമായി ബന്ധപ്പെടാൻ സാധിക്കില്ല. റീഡ് വൈസ്മാൻ നയിക്കുന്ന നാലംഗ സംഘമാണ് ഈ ചരിത്ര യാത്രയിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർട്ടെമിസ്-2 സംഘം ചന്ദ്രനില്‍ ഇറങ്ങുന്നില്ല. എന്നാല്‍, രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിന് ആവശ്യമായ നിർണായക വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

