ബസ് സ്റ്റാൻഡിൽ കയറിയില്ലെന്നാരോപിച്ച് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർക്ക് പൊലീസ് മർദനം : തടയാനെത്തിയ കണ്ടക്ടറെയും മർദിച്ചു : സംസ്ഥാന പൊലീസ് മേധാവിയ്ക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ല

കോട്ടയം : ബസ് സ്റ്റാൻഡിൽ കയറിയില്ലന്നാരോപിച്ച് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർക്ക് നേരെ പൊലീസ് മർദനം. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചങ്ങനാശേരി സ്വദേശി കെ.പി വിനോദ് കുമാറിനാണ് മർദനമേറ്റതായി പരാതി ഉയർന്നത്. മർദനം തടയാൻ എത്തിയ കണ്ടക്ടർ അനിൽ കുമാറിനും മർദനമേറ്റു. ഗതാഗത മന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും അടക്കം വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. 

Advertisements

ചൊവ്വാഴ്ച രാവിലെ 8.50 ന് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. കോട്ടയത്ത് നിന്നും എറണാകുളം പോകുകയായിരുന്നു ബസ്. ഈ ബസ് തൃപ്പൂണിത്തുറ സ്റ്റാൻഡിന് മുന്നിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബസ് സ്റ്റാൻഡിനുള്ളിൽ കയറിയില്ലന്ന് ആരോപിച്ച് അടുത്ത് എത്തിയ പൊലീസുകാരൻ , ഡ്രൈവർ വിനോദിനോട് ഫൈനടയ്ക്കാൻ ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ബസ് കയറുന്ന പതിവില്ലെന്നും ഇത്തരത്തിൽ കയറണമെന്ന് കോർപ്പറേഷൻ നിർദേശം നൽകിയിട്ടില്ലന്നും ഡ്രൈവർ പറഞ്ഞു. ഇതോടെ ഡ്രൈവർക്കെതിരെ കേസെടുക്കും എന്ന നിലപാടിലായി പൊലീസ് ഉദ്യോഗസ്ഥൻ. എന്നാൽ , തനിക്കെതിരെ മാത്രമല്ല കോർപ്പറേഷന് എതിരെ  കൂടി കേസെടുക്കണമെന്നായി ഡ്രൈവർ വിനോദ്. ഇതിനിടെ ലൈസൻസ് കാണിക്കാൻ പുറത്തിറങ്ങിയ വിനോദ് കുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ കയ്യേറ്റം ചെയ്യുകയും , കയ്യിൽ പിടിച്ച് വലിച്ചെറിയുകയും ചെയ്തു. തടയാൻ എത്തിയ കണ്ടക്ടർ അനിൽ കുമാറിന്റെ കഴുത്തിലും പിടലിയിലും പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചു. 

ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ വിനോദ് കുമാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സംസ്ഥാന , ജില്ല പൊലീസ് മേധാവിമാർക്കു പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.  

Hot Topics

Related Articles