ദില്ലി : ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവർക്കും നല്‍കാൻ കേന്ദ്ര മന്ത്രിസഭ അനുമതി. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതിയുടെ ഗുണം ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ലഭിക്കും. നാലര കോടിയിലേറെ കുടുംബങ്ങള്‍ പദ്ധതിയുടെ കീഴില്‍ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാരെയും അവരുടെ സാമൂഹിക, സാമ്ബത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പദ്ധതിയിലേക്ക് പരിഗണിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നല്‍കുമെന്നും സർക്കാർ അറിയിച്ചു.
കേന്ദ്ര സർക്കാർ ഹെല്‍ത്ത് സ്കീം (സിജിഎച്ച്‌എസ്), എക്സ്-സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്‌എസ്), ആയുഷ്മാൻ സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതി തുടരുകയോ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്ക് ചേരുകയോ ചെയ്യാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസി, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം എന്നിവയുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും അർഹതയുണ്ട്. ഓരോ ഇന്ത്യക്കാരനും ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.