വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളില്‍ എലിവിഷം കണ്ടെത്തി. അപ്രതീക്ഷിത സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്. ജാറുകളില്‍ ആരോ മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു ഉപഭോക്താവ് നല്കിയ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഭാഗ്യവശാല്‍ ആ കുഞ്ഞ് ഭക്ഷണം കഴിക്കാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.
ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായിരുന്നുവെന്നും, വിപണിയിലെത്തിയ ശേഷം നടന്ന അട്ടിമറിയാണിതെന്നുമാണ് ഹിപ്പ് കമ്ബനിയുടെ വിശദീകരണം. ഇതേത്തുടർന്ന് സ്പാർ, യൂറോസ്പാർ, ഇന്റർസ്പാർ സ്റ്റോറുകളില്‍ നിന്ന് എല്ലാ ജാറുകളും ഹിപ്പ് കമ്ബനി തിരിച്ചുവിളിച്ചു. ഓസ്ട്രിയയ്ക്ക് പിന്നാലെ ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ വിഷം കലർത്തിയ ജാറുകള്‍ അധികൃതർ പിടിച്ചെടുത്തു. കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന ഈ നീക്കം അതീവ ഗൗരവത്തോടെയാണ് ജർമ്മൻ അന്വേഷണ ഏജൻസികളും നിരീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷം കലർത്തിയ ജാറുകള്‍ തിരിച്ചറിയാൻ അധികൃതർ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്കി. അടപ്പ് തുറന്ന നിലയിലോ കേടുപാടുകള്‍ ഉള്ളതോ സെക്യൂരിറ്റി സീല്‍ ഇല്ലാത്തതോ ആണെങ്കില്‍ അത് ഉപയോഗിക്കരുത്. ഗ്ലാസ് ജാറിന്റെ അടിഭാഗത്ത് ചുവന്ന വട്ടത്തോടു കൂടിയ വെളുത്ത സ്റ്റിക്കർ ഉണ്ടോ എന്ന് പരിശോധിക്കുക. അസ്വാഭാവികമായ ഗന്ധമോ കേടായ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണം നല്‍കരുത്.
ഹിപ്പ് ബേബി ഫുഡ് കഴിച്ച കുട്ടികളില്‍ നിശ്ചിത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്. അമിതമായ രക്തസ്രാവമോ, അസാധാരണമായ തളർച്ചയോ വിളർച്ചയോ ഉണ്ടായാല്‍ ഉടൻ വൈദ്യ സഹായം തേടണമെന്നാണ് നിര്‍ദേശം. അതേസമയം, ഹിപ്പ് കമ്ബനിയുടെ ബേബി ഫോർമുല ഉല്‍പ്പന്നങ്ങളെ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

