തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കസേര വിവാദം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആ ചർച്ചയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം മറുപടി നല്കി. കേരളത്തിലെ കാര്യം പറയാനില്ലെന്നും തമിഴ്നാട്ടിലെ കാര്യമേ പറയാനുള്ളൂവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാല്‍ യോഗ്യനാണ് എന്നതടക്കമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. തമിഴ്നാട്ടിലെ വിളവൻകോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ടി ടി പ്രവീണിനായി കളയിക്കാവിളയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബില്‍ ഭേദഗതി ലോക്സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനെ കെ സി വേണുഗോപാല്‍ രൂക്ഷമായി വിമർശിച്ചു. മോദി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്നാണ് കെ സി അഭിപ്രായപ്പെട്ടത്. മണ്ഡല പുനർ നിർണയത്തിലൂടെ രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടെന്നും തോല്‍വിയുടെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നല്‍കിയത് കോണ്‍ഗ്രസാണെന്നും കെ സി വേണുഗോപാല്‍ ഓർമ്മിപ്പിച്ചു. തമിഴ്നാട്ടില്‍ വോട്ട് ചോദിക്കാൻ മോദിക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രിയുടെ വിഘടനവാദത്തെ ശക്തമായി എതിർത്ത നേതാവാണ് എം കെ സ്റ്റാലിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ സ്ത്രീകള്‍ വോട്ടെടുപ്പ് ദിവസം മോദിക്ക് കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

