ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ല; പരസ്യം വിവാദമായതോടെ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞ് ബെവ്കോ; നടപടിയ്ക്ക് സ്റ്റേ

കൊച്ചി : പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു നേരത്തെ വന്ന വാർത്താക്കുറിപ്പ്. എന്നാൽ, മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ, തങ്ങൾ ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന വിചിത്ര വാദമാണ് ബെവ്കോ ഇപ്പോൾ കോടതിയിൽ ഉയർത്തിയിരിക്കുന്നത്.

Advertisements

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ബ്രാണ്ടിക്ക് പേര് നിർദ്ദേശിച്ച് മത്സരം നടത്തുന്നില്ല. ലോഗോയും പേരും നിർദ്ദേശിച്ച് മത്സരത്തിനുള്ള പത്രക്കുറിപ്പോ, വിജ്ഞാപനമോ ഇറക്കിയിട്ടില്ല. ബിവറേജ് കോർപ്പറേഷൻ പുതിയ മദ്യം നിർമ്മിക്കുന്നില്ല എന്നും ഹൈക്കോടതിയെ അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യ ഉല്പാദനത്തിൽ ബെവ്കോ നേരിട്ട് ഇടപെടുന്നില്ലെന്നും അതിനാൽ തങ്ങൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു. 

എന്നാൽ, ഡിസംബറിൽ ബെവ്കോ എം.ഡിയുടെ പേരിൽ പുറത്തിറങ്ങിയ വാർത്താക്കുറിപ്പും സോഷ്യൽ മീഡിയയിലെ വലിയ പ്രചാരണവും ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. കൊല്ലത്തെ കോൺഗ്രസ്‌ നേതാവ്എം .എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുകയാണ്. ലഹരി വിരുദ്ധ സമിതികളും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles