ന്യൂഡല്‍ഹി : ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ബി.ജെ.പിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര നൂറുദിനം പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ജനലക്ഷങ്ങളുടെ മനസില്‍ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റേത്. തനിക്കെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും ആസൂത്രിതമായ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ഫാസിസത്തിനെതിരെ ഉറച്ച് നില്ക്കുന്ന പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ ഒരു പ്രശ്നവും നിലവിലില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനുള്ള ഇടം പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പാര്‍ട്ടി അദ്ധ്യക്ഷന്‍ എടുക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.