ചെന്നൈ : തമിഴ്നാട്ടിലെ വിജയ് തരംഗം കൃത്യമായി പ്രവചിച്ചത് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ മാത്രമാണ്. ഇപ്പോഴിതാ രാജ്യം എത്ര നാള്‍ ബിജെപി ഭരിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്സിസ് മൈ ഇന്ത്യ മേധാവിയും തെരഞ്ഞെടുപ്പ് വിശകലന വിദദ്ധനുമായ പ്രദീപ് ഗുപ്ത. 2014-ല്‍ ആരംഭിച്ച ബിജെപിയുടെ ഈ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷം നീണ്ടുനില്‍ക്കാൻ സാധ്യതയുണ്ടെന്നാണ് പ്രദീപ് ഗുപ്തയുടെ വിലയിരുത്തല്‍. ഭരണ രംഗത്ത് വലിയ വീഴ്ചകള്‍ ഉണ്ടാകാത്ത പക്ഷം കേന്ദ്രത്തില്‍ ബിജെപിക്ക് ദീർഘകാലം അധികാരത്തില്‍ തുടരാനാകുമെന്നാണ് പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടത്.
മുൻപ് കോണ്‍ഗ്രസ് ദീർഘകാലം രാജ്യം ഭരിച്ചത് പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇന്ത്യൻ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഏകകക്ഷി മേധാവിത്വത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തെയും സമാനമായ ഏകകക്ഷി മേധാവിത്വമായാണ് അദ്ദേഹം വിലയിരുത്തുന്നത്. 1977 വരെ കോണ്‍ഗ്രസ് തുടർച്ചയായി രാജ്യം ഭരിച്ചിരുന്നു. അതിനുശേഷമാണ് പാർട്ടി പ്രതിസന്ധികള്‍ നേരിട്ടു തുടങ്ങിയതെന്ന് പ്രദീപ് ഗുപ്ത ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയത്തില്‍ ഒരു തലമുറ എന്നത് ഏതാണ്ട് 20 വർഷത്തെ കാലയളവായാണ് കണക്കാക്കിയിരുന്നത്. ആ 20 വർഷത്തെ കാലയളവിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ഇനിയും തുടരാൻ കഴിയുമെന്നും പ്രദീപ് ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയത്തില്‍ ഒരു നിശ്ചിത കാലയളവിലേക്കുള്ള ‘ത്രെഷോള്‍ഡ്’ ഉണ്ടെന്ന് വിശദീകരിക്കാനാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിക്ക് അനുകൂലമായ തുടർച്ചയായ ജനവിധി ജനങ്ങളുടെ പ്രതീക്ഷകള്‍ വർദ്ധിച്ചിരിക്കുകയാണെന്നും, അതിനാല്‍ അവർ ഇനി മുതല്‍ ‘മികച്ച പ്രകടനം’ (സൂപ്പർ പെർഫോം) കാഴ്ച വെക്കേണ്ടതുണ്ടെന്നും പ്രദീപ് ഗുപ്ത പറഞ്ഞു. ഭരണ കക്ഷിയുടെയും പ്രതിപക്ഷത്തിന്‍റെയും ഭാവി പൂർണമായും നിലവിലെ സർക്കാരിന്‍റെ പ്രവർത്തന മികവിനെ ആശ്രയിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍, മുൻകാലങ്ങളിലെ മോശം ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകള്‍ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഒരു തിരിച്ചുവരവ് നടത്താൻ കോണ്‍ഗ്രസിന് കൂടുതല്‍ സമയമെടുക്കും. 2029 ആകുമ്പോഴേക്കും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറിയിട്ട് 15 വർഷത്തോളമാകും. രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


