കോഴിക്കോട്: പേരാമ്പ്രയെ നടുക്കിയ കാര്‍ തീപിടിത്ത ദുരന്തത്തില്‍ ഗര്‍ഭിണിയായ യുവതി സോനയ്ക്ക് പിന്നാലെ ഭര്‍ത്താവ് രജിന് ലാലും മരണത്തിന് കീഴടങ്ങിയതോടെ കേസിനെ ചുറ്റിപ്പറ്റിയിരുന്ന ദുരൂഹതകള്‍ കൂടുതല്‍ ശക്തമാകുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രജിന് ലാലാണ് മരിച്ചത്. ശരീരത്തിന്റെ 65 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റ നിലയിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
സംഭവത്തിന് പിന്നാലെ രജിന് നല്കിയ ആദ്യ മൊഴി കേസില്‍ നിര്‍ണായകമായി കണക്കാക്കപ്പെട്ടിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിന്റെ പിന്നില്‍ നിന്ന് പെട്രോളിന്റെ മണം വരുന്നുവെന്ന് സോന പറഞ്ഞതിനെ തുടര്‍ന്ന് താന്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും തീ പടര്‍ന്നുവെന്നായിരുന്നു രജിന്റെ മൊഴി. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ പിന്നീട് വിശദമായ ചോദ്യം ചെയ്യല്‍ പൊലീസിന് നടത്താന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ രജിന് ലാലിന് നേരിട്ട് പങ്കുണ്ടെന്ന സംശയം തുടക്കത്തില്‍ ശക്തമായിരുന്നെങ്കിലും, ഇപ്പോള്‍ പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ രജിന് ലാലിനെ പൂര്‍ണമായി പ്രതിചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കേസില്‍ വലിയ വഴിത്തിരിവായത് സോന പെട്രോള്‍ പമ്പില്‍ നേരിട്ട് എത്തി കാനില്‍ പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ്. സോന തന്നെയാണ് പെട്രോള്‍ വാങ്ങിയതെന്നും അത് ബാഗിലാക്കി കാറിനുള്ളിലേക്ക് കൊണ്ടുപോയതാണെന്നും പൊലീസ് കരുതുന്നു. സംഭവസ്ഥലത്ത് പൂര്‍ണമായും കത്തി നശിച്ച നിലയില്‍ പെട്രോള്‍ കാന്‍ കണ്ടെത്തിയതും അന്വേഷണത്തിന് നിര്‍ണായകമായി.
ഫോറന്‍സിക് പരിശോധനയില്‍ കാറിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നല്ലെന്ന് വ്യക്തമായി. പെട്രോള്‍ ഉപയോഗിച്ച് മനപ്പൂര്‍വ്വം തീ കൊളുത്തിയതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സോനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ശരീരത്തില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ കാറില്‍ നിന്ന് ഭാഗികമായി കത്തിയ ബാഗും ഒരു കുപ്പിയുടെ അടപ്പും പൊലീസ് കണ്ടെത്തി.
സംഭവത്തില്‍ കുടുംബപ്രശ്നങ്ങളോ ഗാര്‍ഹിക പീഡനമോ ഉണ്ടായിരുന്നില്ലെന്നാണ് രജിന് ലാലിന്റെ പിതാവ് രാജന് പറയുന്നത്. സോന പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും, തന്റെ മകനെ കുടുക്കാനോ ചതിക്കാനോ വേണ്ടിയാകാം അവള് അങ്ങനെ ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
എന്നാല്‍ ഈ വാദങ്ങളെ പൂര്‍ണമായും തള്ളുകയാണ് സോനയുടെ കുടുംബം.
സോനയുടെയും രജിന് ലാലിന്റെയും വിവാഹജീവിതം തുടക്കം മുതല്‍ തന്നെ സംഘര്ഷപൂര്ണമായിരുന്നുവെന്നാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2023-ലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. പ്രണയകാലത്ത് തന്നെ രജിന് വിദേശത്തേക്ക് ജോലിക്കായി പോയിരുന്നു. അതിനിടെ രജിന്റെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
തുടര്‍ന്ന് രജിനെതിരെ സോന പരാതി നല്കിയതും കേസ് രജിസ്റ്റര്‍ ചെയ്തതും രജിന്റെ വിദേശജീവിതത്തെ ബാധിച്ചതായാണ് പറയപ്പെടുന്നത്. പിന്നീട് കേസ് പിന്‍വലിപ്പിക്കാന്‍ രജിന് വീണ്ടും സോനയോട് അടുത്തുവെന്നും, തുടര്‍ന്നാണ് ഇരുവരും കുടുംബങ്ങളുടെ അറിവില്ലാതെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായതെന്നും ബന്ധുക്കള്‍ പറയുന്നു.
വിവാഹശേഷം സോന ഭര്‍തൃവീട്ടില്‍ കടുത്ത അവഗണനയും മാനസിക പീഡനവും നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടുന്നത് പോലും വിലക്കിയിരുന്നുവെന്നും, പലപ്പോഴും പട്ടിണിയിലായിരുന്നുവെന്നും സോനയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നു. ഗര്‍ഭിണിയായ ശേഷമാണ് സോന വീണ്ടും സ്വന്തം വീട്ടുകാരുമായി അടുത്തതെന്നും അവർ പറയുന്നു.
സംഭവദിവസം ഉച്ച മുതല്‍ വൈകിട്ട് വരെ സോന ബന്ധുവീട്ടിലായിരുന്നുവെന്നാണ് മൊഴി. ടൗണില്‍ പോകണമെന്ന് പറഞ്ഞ് പുറത്തുപോയ സമയത്താണ് സോന പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് കരുതുന്നു. ഇതിനിടെ രജിന് ലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സോന മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ സോനയുടെ കുടുംബം ഇതെല്ലാം തള്ളിക്കളയുകയാണ്. സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, ഇത് ആസൂത്രിത കൊലപാതകമാണെന്നും കുടുംബം ആവര്‍ത്തിക്കുന്നു. സോനയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് മരണത്തിന് മുന്‍പ് രജിന് ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിക്കുന്നു.
കൂടാതെ, കാറിന്റെ പിന്‍സീറ്റിലായിരുന്നു സോനയുടെ മൃതദേഹം കണ്ടെത്തിയത് എന്നതും തീപിടിത്തം കാറിന്റെ പിറകുഭാഗത്ത് നിന്നാണെന്ന ഫോറന്‍സിക് കണ്ടെത്തലും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. വലിയ സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ആദ്യം കണ്ടത് കാറിന് സമീപത്തെ തോട്ടില്‍ കിടന്നിരുന്ന രജിനെയായിരുന്നു. തീ അണച്ച ശേഷമാണ് കാറിനുള്ളില്‍ സോനയുണ്ടെന്ന് രജിന് പറഞ്ഞതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


