കോട്ടയം: ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്നു കണ്ട് ഏഴ് വർഷം കഠിനതടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പിഴ തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മരണപെട്ട നോയലിന്റെ കുടുംബത്തിന് നൽകുന്നതിനും 50,000 രൂപ നോബിളിന് നൽകുന്നതിനും കൂടാതെ വിചാരണാ വേളയിൽ കൂറുമാറിയ നാല് സാക്ഷികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 193 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനും ഉത്തരവായി.
ഒന്നാം പ്രതി വടക്കേ മുറി വില്ലേജ് ഇരുമ്പുഴിക്കര കരയിൽ ഓണാട്ടു തറയിൽ വീട്ടിൽ അബ്ദുൾ അസീസ്സ് മകൻ ഷമീർ (45), ഇയാളുടെ സഹോദരനും രണ്ടാം പ്രതിയുമായ സിനാജ് (44) ഇവരുടെ പിതാവും 3-ാം പ്രതിയുമായ അബ്ദുൾ അസീസ്സ്(64), അഞ്ചാം പ്രതി വടക്കേമുറി വില്ലേജ് പടിഞ്ഞാറെ മുറി കരയിൽ പള്ളത്ത് വീട്ടിൽ ഖാലിദ് മകൻ സുധീർ@ സുബി (47) ആറാം പ്രതി വടക്കേമുറി വില്ലേജിൽ ഇരുമ്പുഴി കരയിൽ ഇന്നാം തുരുത്തിൽ വീട്ടിൽ ഖാലിദ് മകൻ ഷാജി(54) എന്നിവർക്കെതിരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി IV) ജഡ്ജി വി. സതീഷ് കുമാർ ശിക്ഷവിധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് പ്രതികളായ മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ വെറുതെ വിട്ടു. 2012 മാർച്ച് 16 തീയതി രാവിലെ 10.20 മണിക്ക് വൈക്കത്തെ ജ്യോതി ഓയിൽ സ്റ്റോർസ് എന്ന പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ ‘പ്രിയദർശിനി’ ബസുമായി എത്തിയ ഡ്രൈവർ നോബിളിനെ മൂന്നാം പ്രതി അസീസ് ബസ് റിവേഴ്സ് എടുത്തപ്പോൾ ബൈക്കിൽ തട്ടി എന്ന കാരണം പറഞ്ഞ് മർദ്ദിച്ചതിനെ തുടർന്ന് അസീസ് തന്റെ മക്കളെയും ബന്ധുക്കളെയും കൂട്ടി അന്നേദിവസം പകൽ 11 മണിക്ക് എറണാകുളത്തേക്ക് പോകുന്ന ബസ്സ് വഴിയിൽ തടഞ്ഞ് നോബിളിനെ മർദ്ദിച്ചു, പരിക്കേറ്റ ഇയാളെ വൈക്കം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി. നോബിളിനെയും കൂടെ ഉണ്ടായിരുന്ന സഹോദരൻ നോയലിനേയും ആശുപത്രി കോമ്പൗണ്ടിൽ വച്ച് മർദ്ദിക്കുകയും പ്രാണ രക്ഷാർത്ഥം സ്ഥലത്ത് നിന്നും ഓടി ഓട്ടോറിക്ഷയിൽ രക്ഷപെട്ട് മുറിഞ്ഞപുഴയിലെ തങ്ങളുടെ ബന്ധു വീട്ടിൽ അഭയം പ്രാപിച്ചപ്പോൾ അവരെ പിന്തുടർന്നെത്തിയ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറി.
രക്ഷപ്പെടാനായി നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിൽ എത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് തിരികെ കരയിലേക്ക് നീന്തിയ സമയം കരയിൽ നിന്ന പ്രതികൾ ഇവർക്ക് നേരെ തുരുതുര കല്ലുകൾ എറിഞ്ഞു വടിവാൾ ഓങ്ങി ഭയപ്പെടുത്തിയും നീന്തി കുഴഞ്ഞ നോയലിനെ കരയ്ക്കടുത്ത് രക്ഷപ്പെടാൻ അനുവദിക്കാതെ വന്നതിനെ തുടർന്ന് നോയൽ കുഴഞ്ഞ് അവശനിലയിലായി വെള്ളത്തിൽ താഴ്ന്നു മരണം ഉറപ്പാക്കിയ പ്രതികൾ വളരെ നിഷ്കരണവും പൈശാചികവും മനുഷ്യത്വരഹിതവുമായി പെരുമാറി കൊലപാതകം നടത്തിഎന്നതായിരുന്നു പ്രതികൾക്കെതിരായ കുറ്റം.
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ എസ് ബേബി അന്വേഷണം പൂർത്തീകരിച്ച് പ്രതികൾക്കെതിരെകുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ 49 സാക്ഷികളേയും 72 പ്രമാണങ്ങളും ഹാജരാക്കി. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.വിനോദ്ജി, ഗിരിജാ ബിജു (മുൻ പ്രോസിക്യൂട്ടർ )എന്നിവർ ഹാജരായി

