ചെന്നൈ : ഐ.പി.എല്‍ 2026 സീസണില്‍ പതറുന്ന ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു തിരിച്ചടി കൂടി. ടീമിന്റെ പുത്തൻ കണ്ടെത്തലായ യുവ ഓപ്പണർ ആയുഷ് മാഹ്ത്രെ പരിക്കേറ്റ് ടൂർണമെന്റില്‍ നിന്ന് പുറത്തായി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചെന്നൈ ഇന്നിങ്സിന്റെ അഞ്ചാം ഓവറില്‍ രണ്ടാം റണ്ണിനായി ഓടുന്നതിനിടെ ആയുഷിന് കടുത്ത പേശിവലിവ് (Hamstring injury) അനുഭവപ്പെടുകയായിരുന്നു. ഫിസിയോ വന്ന് പരിശോധിച്ച ശേഷം താരം കളി തുടർന്നുവെങ്കിലും വേദന അലട്ടിയിരുന്നു. തൊട്ടടുത്ത പന്തില്‍ മുടന്തിക്കൊണ്ടാണ് താരം സ്ട്രൈക്കിലെത്തിയത്. 13 പന്തില്‍ 30 റണ്‍സ് നേടി മികച്ച തുടക്കം നല്കിയ ശേഷമാണ് താരം ക്രീസ് വിട്ടത്.
സി.എസ്.കെയുടെ റണ്‍ മെഷീൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സീസണില്‍ ചെന്നൈയുടെ ബാറ്റിങ് നിരയില്‍ ഏറ്റവും വിശ്വസ്തനായ താരമായിരുന്നു ആയുഷ് മാഹ്ത്രെ. കളിച്ച 6 മത്സരങ്ങളില്‍ നിന്ന് രണ്ട് അർധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 201 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ നായകനായ ആയുഷിന്റെ അഭാവം പവർപ്ലേ ഓവറുകളില്‍ ചെന്നൈയുടെ സ്കോറിങ് വേഗതയെ ബാധിക്കുമെന്നുറപ്പാണ്.
പരിക്കിന്റെ പിടിയില്‍ മഞ്ഞപ്പട
ആയുഷിന് പുറമെ പരിക്കിന്റെ പട്ടിക നീളുന്നത് ചെന്നൈ ക്യാമ്ബിനെ ആശങ്കയിലാക്കുന്നുണ്ട്.പരിക്കേറ്റ് ഇന്ത്യൻ പേസർ ഖലീല്‍ അഹമ്മദ് പുറത്തായിരുന്നു,ന്യൂസ്ലാൻഡ് താരം നഥാൻ എല്ലിസിനും പരിക്കിനെത്തുടർന്ന് സീസണ് നഷ്ടമായിരുന്നു.മുൻ നായകൻ എം.എസ് ധോണി പരിക്കിന്റെ പിടിയിലാണെങ്കിലും താരം ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പോയിന്റ് പട്ടികയില്‍ എട്ടാമത്
സീസണിലെ തുടക്കം ചെന്നൈയെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട സി.എസ്.കെ, ഡല്‍ഹിയെയും കൊല്‍ക്കത്തയെയും തോല്‍പ്പിച്ച് ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനോട് വീണ്ടും തോറ്റതോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണു.
ഏപ്രില്‍ 23-ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസാണ് ചെന്നൈയുടെ അടുത്ത എതിരാളികള്‍. പ്രധാന താരങ്ങളുടെ പരിക്കുകള്‍ക്കിടയില്‍ മുംബൈയെ അവരുടെ തട്ടകത്തില്‍ നേരിടുക എന്നത് ചെന്നൈയ്ക്ക് വലിയ വെല്ലുവിളിയാകും.

