കോട്ടയം: മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഫിൽസൺ മാത്യൂസിന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അടക്കമുള്ളവരിൽ നിന്നാണ് മെസഞ്ചർ വഴി പണം ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പുകാരൻ രംഗത്ത് എത്തിയതോടെയാണ് അഭിഭാഷകൻ കൂടിയായ ഫിൽസൺ മാത്യൂസിന്റെ സുഹൃത്തുക്കളിൽ ചിലർ ഇദ്ദേഹത്തെ വിളിച്ച് വിവരം ആരാഞ്ഞത്. ഇതോടെയാണ് തട്ടിപ്പ് അക്കൗണ്ട് ഇദ്ദേഹം കണ്ടത്. തുടർന്നു, പണം ആവശ്യപ്പെട്ട സംഘത്തിനെതിരെ സൈബർ സെല്ലിനു പരാതി നൽകുകയായിരുന്നു.
തന്റെ വ്യാജ അക്കൗണ്ട് വഴി തട്ടിപ്പ് സംഘം പണം ആവശ്യപ്പെടുന്നുണ്ടെന്നും. കെണിയിൽപെടാതെ സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും ഇദ്ദേഹം തന്റെ വാട്‌സ്അപ്പിലൂടെയും, ഫെയ്‌സ്ബുക്കിലൂടെയും സുഹൃത്തുക്കൾക്ക് കൈമാറിയിട്ടുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ തട്ടിപ്പ് സംഘത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം ഇദ്ദേഹം സന്ദേശം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ജില്ലയിലെ വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയ നേതാക്കളുടെയും അടക്കം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ സമാന രീതിയിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്ത് സൂക്ഷിക്കണമെന്ന നിർദേശമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.