തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഭരണകോർപ്പറേഷൻ പിടിക്കാനൊരുങ്ങി ബിജെപി. വി.ഐ.പി സ്ഥാനാർഥികളെ രംഗത്തിറക്കി ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് പാർട്ടി. മുൻ ഡി.ജി.പി ആർ. ശ്രീലേഖ, സംസ്ഥാന നേതാവ് ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ സ്ഥാനാർഥികളായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.എന്നാൽ, മേയർ സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഗണിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കി.തലസ്ഥാന കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഇത്തവണത്തെ ബിജെപിയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ രണ്ട് തവണയായി മുഖ്യപ്രതിപക്ഷ പദവി നിലനിർത്തിയ പാർട്ടിക്ക് ഭരണം നേടാൻ നിലവിലെ വാർഡുകൾക്കൊപ്പം കുറഞ്ഞത് 15 വാർഡുകൾ കൂടി നേടേണ്ടി വരും.മന്ത്രിയും നേതാവുമായ രാജീവ് ചന്ദ്രശേഖർ നേരിട്ട് ചുക്കാൻ പിടിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ, “നമ്മൾ ജയിക്കാൻ പോകുന്നു” എന്ന പ്രതീതി ജനങ്ങളിലുണ്ടാക്കാനാണ് പ്രമുഖ നേതാക്കളെ സ്ഥാനാർഥികളാക്കാനുള്ള ആലോചന.മുൻ മേയർ സ്ഥാനാർഥിയും നിലവിലെ കോർപ്പറേഷൻ നേതാവുമായ വി.വി. രാജേഷ് വീണ്ടും മൽസരരംഗത്തിറങ്ങാനാണ് സാധ്യത. അതിനൊപ്പം ജെ.ആർ. പത്മകുമാറിനെയും പരിഗണിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപകാലത്ത് ബിജെപിയിലേക്ക് ചേർന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് ചില വാർഡുകളുടെ ചുമതല പാർട്ടി നൽകിയിട്ടുണ്ട്. അവശ്യമായാൽ അവർ മൽസരത്തിനിറങ്ങുമെന്നാണ് സൂചന. ശ്രീലേഖയുടെ സമ്മതം ലഭിച്ചാൽ മാത്രമേ അത് അന്തിമമാകൂ.നടൻ ജി. കൃഷ്ണകുമാറിനും വാർഡുകളുടെ ചുമതലയുണ്ട്. അദ്ദേഹം മൽസരത്തിനിറങ്ങിയാലും അതിൽ അതിശയിക്കേണ്ടതില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.വാർഡുകളിൽ നിന്ന് മികച്ച സ്ഥാനാർഥികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഈ പട്ടിക നവംബർ അഞ്ചിന് അന്തിമരൂപം നേടും. കടുത്ത മൽസരം പ്രതീക്ഷിക്കുന്ന വാർഡുകളിൽ പ്രാദേശിക സ്ഥാനാർഥികൾ പോരെന്ന് തോന്നിയാൽ, പാർട്ടി നേതാക്കളെ നേരിട്ട് രംഗത്തിറക്കാനാണ് ആലോചന.


