ദില്ലി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ദില്ലി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പ്രതികരിച്ചിരുന്നു. ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ ഇവിടെ വന്ന് മതമേലധ്യക്ഷൻമാരെ കണ്ടതുകൊണ്ട് വിശ്വാസികള്‍ അവർക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാല്‍ അവർ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവ സഭയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് ബിജെപി സർക്കാരാണ്. താൻ മണിപ്പൂരില്‍ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേർത്തു. ഡല്‍ഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ കണ്ടിരുന്നു. കൊച്ചിയില്‍ കർദിനാള്‍ മാർ റാഫേല്‍ തട്ടില്‍, ഓർത്തഡോക്സ് സഭാധ്യക്ഷൻ തുടങ്ങിയവരെ കാണുകയും ബിലീവേഴ്സ് ചർച്ച്‌ മെഡിക്കല്‍ കോളജിന്റെ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles