കോട്ടയം: നഗരമധ്യത്തിൽ വീണ്ടും തെരുവുനായ ആക്രമണം. നായയുടെ ആക്രമണത്തിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒൻപതു വയസുകാരന് കടിയേറ്റു. ചിങ്ങവനം സ്വദേശികളായ മഹേഷ് സവിത ദമ്പതികളുടെ മകൻ ക്രിസ് വിനാണ് നായയുടെ കടിയേറ്റത്. ഒക്ടോബർ ആറ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാർ. ഇവരുടെ നടുവിലായാണ് മകൻ ഇരുന്നിരുന്നത്. ടിബി റോഡിൽ ടിബിയ്ക്കു സമീപത്തെ ഇടവഴിയിലേയ്ക്ക ബൈക്ക് തിരിയുന്നതിനിടെ ഇവർക്ക് നേരെ നായ ചീറിയടുക്കുകയായിരുന്നു. മഹേഷ് ബൈക്ക് വെട്ടിച്ചുമാറ്റിയെങ്കിലും ഇരുവരുടെയും മധ്യത്തിൽ ഇരുന്ന മകനാണ് കടിയേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയുടെ കാലിൽ നായ കടിച്ച് പിടിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടി കാൽ കുടഞ്ഞെങ്കിലും നായ പിടിവിട്ടില്ല. തുടർന്ന്, മഹേഷ് ബൈക്ക് നിർത്തിയതോടെ നായ ഓടിപ്പോകുകയായിരുന്നു. പരിക്കേറ്റ ക്രിസ് വിനെയുമായി ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ചികിത്സ നൽകി.
പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണ് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ടിബിയുടെ വളവിൽ മാത്രം എട്ടോളം നായ്ക്കൾ നാട്ടുകാർക്ക് ശല്യമായി വിഹരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നായ്ക്കളിൽ നിന്നും സാധാരണക്കാരായ ആളുകൾക്ക് സംരക്ഷണം ഒരുക്കാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്. നേരത്തെ കോട്ടയം നഗരമധ്യത്തിൽ രണ്ടിടത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തും, നാഗമ്പടത്തും ഉണ്ടായ തെരുവുനായ ആക്രമണത്തിൽ പതിനഞ്ചിലേറെ ആളുകൾക്കാണ് പരിക്കേറ്റത്. രണ്ടിടത്തും ആളുകളെ ആക്രമിച്ച നായ പേ വിഷ ബാധ ഏറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ നായ ശല്യം രൂക്ഷമായെങ്കിലും നഗരസഭ അധികൃതരോ പ്രതിപക്ഷമോ വിഷയത്തിൽ ഇടപെടുന്നതേയില്ല.


