മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് പാനീയ ചികിത്സാ വാരാചരണം ആരംഭിച്ചു

തിരുവനന്തപുരം: മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍. വയറിളക്ക രോഗമുണ്ടായാല്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വയറിളക്കം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കും.

Advertisements

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നില്‍ക്കുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വയറിളക്കം മൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുണ്ട്. വയറിളക്ക രോഗങ്ങളുടെ ചികിത്സയില്‍ ഒ.ആര്‍.എസിന്റെ (Oral Rehydration Solution) പ്രാധാന്യം ഉള്‍ക്കൊണ്ട് ആരോഗ്യ വകുപ്പ് ഈ മാസം 15 വരെ പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നു. ഒ.ആര്‍.എസിന്റെ പ്രാധാന്യം, ഒ.ആര്‍.എസ്. തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്. വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.