“ഒരു പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കില്ലേ? ആർഓസി പറയുന്നതെല്ലാം സത്യമാകണോ?” വീണയെ പിന്തുണച്ച് റിപ്പോര്‍ട്ട് തള്ളി ഇ.പി ജയരാജൻ

കണ്ണൂര്‍: വീണ വിജയന്‍റെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിഷയത്തില്‍ വീണ വിജയനെ പിന്തുണച്ചും എക്സാലോജിക്കിനെ ന്യായീകരിച്ചുമാണ് ഇപി ജയരാജന്‍ രംഗത്തെത്തിയത്. എക്സാലോജിക്കിന്‍റെ കാര്യത്തില്‍ സിപിഎം ന്യായീകരിച്ചിട്ടില്ലെന്നും പറഞ്ഞത് ഉള്ള കാര്യം മാത്രമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപി- സിപിഎം ഒത്തതീര്‍പ്പെന്നോക്കെ പറയുന്ന വിഡി സതീശനൊന്നും ഒരു വകതിരിവുമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആർഓസി പറയുന്നതെല്ലാം സത്യമാകണമെന്നുണ്ടോ?. രേഖയും കൊണ്ട് നടക്കലാണോ ഞങ്ങളുടെ പണി?.

എക്സാലോജിക്  എല്ലാ കാര്യങ്ങളും കൃത്യമായി നിർവഹിച്ചിട്ടുണ്ട്. ഒരു പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കില്ലേയെന്നും ഇപി ജയരാജന്‍ ചോദിച്ചു. എത്ര കാലമായി വേട്ടയാടാൻ തുടങ്ങിയിട്ട്? ഐടി മേഖലയിൽ പ്രഗത്ഭയായ ഒരു പെൺകുട്ടി സംരംഭം തുടങ്ങി. അതിന്‍റെ പേരില്‍ അവരെ ജീവിക്കാന്‍ സമ്മതിക്കില്ലേ? സ്ത്രീത്വത്തെയാണ് വേട്ടയാടുന്നത്. ആര്‍ഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ല. ആർഒസി എങ്ങനെയാണ് മുഖ്യമന്ത്രിയെ കുറിച്ച് എഴുതുക. വീണയെ വേട്ടയാടുകയാണെന്നും പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

Hot Topics

Related Articles