ഇ എസ് ബിജിമോൾ കോൺഗ്രസിലേക്ക്?? സ്ഥിരീകരിച്ചു കോൺഗ്രസ് പ്രാദേശിക വൃത്തങ്ങൾ: മൗനം തുടർന്ന് ബിജിമോൾ

കോട്ടയം: സിപിഐ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ മുൻ എംഎൽഎയും സിപിഐയുടെ പ്രമുഖ വനിതാ നേതാവും ആയ ഇ എസ് ബിജിമോൾ കോൺഗ്രസിലേക്ക് ചേക്കേറുന്നു. കോൺഗ്രസ് പ്രാദേശിക വൃത്തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പരക്കുന്നത്. ഇന്ന് രാവിലെയാണ് കോൺഗ്രസ് ആർമി എന്ന ഫേസ്ബുക്ക് പേജിൽ ബിജിമോളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നൂറുകണക്കിന് പേരാണ് ഈ പോസ്റ്റിന് അടിയിൽ കമന്റുകളുമായി എത്തുന്നത്. അതേസമയം ഈ വാർത്തയെക്കുറിച്ച് സിപിഐ കേന്ദ്രങ്ങളോ ഇ എസ് ബിജിമോളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisements

സിപിഐ യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളിലെ മണ്ഡലം സമ്മേളനം മുതൽ ഇടുക്കി ജില്ലാ കമ്മിറ്റിക്ക് കീഴിൽ നിലനിന്നിരുന്ന പടലപ്പിണക്കം മറനീക്കി പുറത്തു വന്നിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു വനിതയെ ജില്ലാസെക്രട്ടറി ആക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന നേതൃത്വം ഇടുക്കിയിൽ ഇ എസ് ബിജിമോളുടെ പേര് മുന്നോട്ടു വെച്ചെങ്കിലും ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ശിവരാമൻ ഉൾപ്പെടെയുള്ളവരുടെ അനുകൂലികൾ അതിനെ ശക്തിയുക്തം എതിർത്തു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിലെ തീരുമാനത്തെ ജില്ലാഘടകം വെട്ടി. ഇതുസംബന്ധിച്ച് ഇ എസ് ബിജിമോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടിയിൽ പുരുഷമേധാവിത്വം ആണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതും പാർട്ടി ജില്ലാ നേതൃത്വം ചൊടിപ്പിച്ചിരുന്നു. ഒക്ടോബർ മൂന്നിന് അവസാനിച്ച സംസ്ഥാന സമ്മേളനത്തിൽ ബിജിമോളെ സംസ്ഥാന കമ്മിറ്റിയിൽ പോലും ഉൾപ്പെടുത്താതിരിക്കാൻ ഉള്ള കരുനീക്കങ്ങൾ ശിവരാമനും സംഘവും നടപ്പിലാക്കുകയും ചെയ്തു. ഇ എസ് ബിജിമോളുടെ സംസ്ഥാന കമ്മിറ്റി പ്രവേശനത്തെ വോട്ടിനിട്ടു വെട്ടിയ ജില്ലാ നേതൃത്വം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധി ആക്കുന്നതിനെതിരെ പോലും ശബ്ദമുയർത്തി.

ബിജിമോൾ പാർട്ടി കോൺഗ്രസ് പ്രതിനിധി ആവട്ടെ എന്ന് ജില്ലയിൽ നിന്നുള്ള പ്രതിനിധി വാദിച്ചു നോക്കിയെങ്കിലും സഖാവിന് ആവില്ലെങ്കിൽ മറ്റാരെങ്കിലും പ്രതിനിധി ആക്കാം എന്നായിരുന്നു കെ കെ ശിവരാമൻ മറുപടി. ഒടുവിൽ പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിൽനിന്ന് പോലും ബിജിമോൾ ഒഴിവാക്കപ്പെട്ടു. എറണാകുളം ജില്ലയിൽ നിന്നുള്ള കാനം വിരുദ്ധ പക്ഷം ആകെ വെട്ടിമാറ്റപ്പെട്ടതിനു പകരമായാണ് ഇടുക്കിയിൽ ബിജിമോൾക്കെതിരെ ഇത്തരത്തിലൊരു നിലപാട് ഉണ്ടായതെന്നാണ് വിലയിരുത്തൽ.

അതേസമയം, താൻ കോൺഗ്രസിലേക്ക് പോകുന്നുവെന്നുള്ള വാർത്തകളോട് പ്രതികരിക്കാൻ ബിജിമോൾ തയ്യാറായിട്ടില്ല.

Hot Topics

Related Articles