ഏറ്റുമാനൂർ: അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജനായ യുവ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കരയിൽ വടക്കേടം വീട്ടിൽ സോണി ബെനഡിക്ട് (58) ആണ് പിടിയിലായത്.
ഭാര്യയുടെ ഷുഗർ പരിശോധനാഫലം ഇല്ലാതെ ഇൻസുലിൻ മരുന്ന് എഴുതിക്കൊടുക്കാനാവില്ലെന്ന് ഡോക്ടർ അറിയിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണമുണ്ടായത്.
ഡോക്ടർ ജോലി നോക്കിക്കൊണ്ടിരുന്ന നഴ്സിംഗ് സ്റ്റേഷനുസമീപത്ത് എത്തിയ പ്രതി കൈ കൊണ്ട് വനിതാ ഡോക്ടറുടെ താടിയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും, ചികിത്സാ ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ പിടിച്ച് ബലമായി തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളെയും ആക്രമിക്കുന്നതു തടയുന്നതിനുള്ള കേരള നിയമഭേദഗതി നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


