ടൂറിസം ഏറ്റുമാനൂരിന്റെ വികസന

സ്രോതസ് ആകണം: ഡോ. ടി.എം. തോമസ് ഐസക്ക് :  രണ്ടുവർഷം മുമ്പ് മുന്നോട്ടുവച്ച പദ്ധതികളിൽ 90 ശതമാനവും നടപ്പാക്കി: മന്ത്രി വി.എൻ. വാസവൻ

Advertisements

കോട്ടയം: ടൂറിസം ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസനസ്രോതസാകണമെന്നും ടൂറിസം രംഗത്തെ വികസനത്തിനും തൊഴിലുകൾ സൃഷ്ടിക്കാനുമുള്ള നൈപ്യുണ്യവികസനത്തിനുള്ള കോഴ്‌സുകൾ നടപ്പാക്കണമെന്നും മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ: ടി.എം. തോമസ് ഐസക്. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രിയായ വി.എൻ. വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ അതിരമ്പുഴ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന ശിൽപശാല ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 രണ്ടുവർഷം കൊണ്ട് ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ നടപ്പാക്കിയതെന്നും ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി.

 കേരളത്തിലെ ഏറ്റവും ആകർഷകമായ സഥലമായ കുമകരകം അടക്കമുള്ള പ്രദേശങ്ങളുള്ള ഏറ്റുമാനൂർ സവിശേഷമായ മണ്ഡലമാണ്. മണ്ഡലത്തിലെ  റോഡുകൾ എല്ലാം ഉന്നതനിലവാരത്തിലായി. ഇനി ഡ്രെഡ്ജിങ് നടത്തി കായലിന്റെ ആഴം കൂട്ടുകയും ബണ്ടിന്റെ വീതി കൂട്ടുന്നത് അടക്കമുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കണം. വൻകിട റിസോർട്ടുകൾക്കു മാത്രമല്ല, സാധാരണക്കാർക്കും ടൂറിസത്തിന്റെ നേട്ടങ്ങൾ ലഭിക്കണം. 

തീർഥാടന ടൂറിസം, ഫാം ടൂറിസം അങ്ങനെ സാധ്യതകൾ പലതാണ്. അത്തരത്തിൽ ടൂറിസം മേഖലയിൽ താൽപര്യമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകാനുള്ള നൈപുണ്യ വികസന കോഴ്‌സുകൾ നടത്തണം. സംരംഭകരുടെ കൺസോർഷ്യത്തിലടക്കം ഇത്തരം കോഴ്‌സുകൾ നടപ്പാക്കാമെന്നും ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

ഈ നിർദേശങ്ങൾ മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ വികസന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 

രണ്ടുവർഷം മുമ്പ് എം.ജി. സർവകലാശാല ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാറിൽ മുന്നോട്ടുവച്ച പദ്ധതികളിൽ 90 ശതമാനവും ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷത്തോടു കൂടി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഏറ്റുമാനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ മുഴുവൻ ബി.എം.ബി.സി. നിലവാരത്തിലായി. അടുത്തഘട്ടമായി ഗ്രാമീണ റോഡുകൾ ഏറ്റെടുക്കുകയാണ്. ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡ് ഉൾപ്പെടെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 128 കോടി ചെലവിടുന്ന എട്ടു റോഡുകളുടെ നിർമാണം 98 ശതമാനം പൂർത്തിയായി. 

ഏറ്റുമാനൂർ റിംഗ് റോഡിനായി സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കുകയാണ്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്ന് കാൽനട യാത്രികർക്ക് ആശുപത്രിയിലേക്ക് അപകടമില്ലാതെ കടക്കുന്നതിന് വിഭാവന ചെയ്യുന്ന അടിപ്പാത നിർമാണം ഉടൻ ആരംഭിക്കാനാകും. കോട്ടയം മെഡിക്കൽ കോളജിൽ 800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിൽ അടിസ്ഥാനസൗകര്യ വികസന രംഗത്ത് കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തോമസ്  ചാഴികാടൻ എം.പി. പറഞ്ഞു. 

മുൻ എം.എൽ.എ. വൈക്കം വിശ്വൻ വികസന രേഖ പ്രകാശനം ചെയ്തു.

 എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദ്കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, വനം വികസന കോർപറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കോഡിനേറ്റർ കെ. രൂപേഷ്‌കുമാർ, അതിരമ്പുഴ പള്ളി വികാരി ഫാദർ ജോസഫ് മുണ്ടകത്തിൽ, കുടമാളൂർ പള്ളി വികാരി ഫാദർ മാണി പുതിയേടത്ത്, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശേരി, സ്വാഗതസംഘം കൺവീനർ കെ.എൻ. വേണുഗോപാൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.വി. റസൽ, കെ. അനിൽകുമാർ,  രാജീവ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, മത, സാമുദായിക, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.  

Hot Topics

Related Articles