തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റായ സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. എസ് സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്. കവിത, കഥ, നോവൽ, നാടകം ഉൾപ്പെടെ അൻപതിൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. വിദ്യാർഥികാലം മുതൽ വരയുണ്ട്. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019 -ൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിങ്ങനെയാണ് ഹാസ്യ നോവലുകൾ. ഒരു നോൺ ഗസറ്റഡ് ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, സുസ്‌മിതം, ഓപ്പറേഷൻ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിൻ ജോക്ക്‌സ്, കാക്കിക്കഥകൾ, സുകുമാർ കഥകൾ, അഹം നർമ്മാസ്‌മി, ഹാസ്യപ്രസാദം എന്നിങ്ങനെയാണ് ഹാസ്യ കഥാസമാഹാരങ്ങൾ.
പൊതുജനം പലവിധം, ജനം, കഷായവും മേമ്പൊടിയും, കഷായം, ചിരിചികിത്സ, സുകുമാര ഹാസ്യം എന്നിവയാണ് ഹാസ്യ ലേഖന സമാഹാരങ്ങൾ.സോറി റോങ് നമ്പർ, തല തിരിഞ്ഞ ലോകം, ഒത്തുകളി എന്നിങ്ങനെ ഹാസ്യനാടകങ്ങൾ. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈവി സ്‌മാരക സമിതിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്.