കൊട്ടിയം; ഉത്സവത്തിനിടെ പത്തൊൻപതുകാരനെ കുത്തികൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശിയായ അമ്ബാടി എന്ന തേജസ് (19) ആണ് കൊല്ലപ്പെട്ടത്. ഫ്ലോട്ടിന് മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ ചെറിയ തർക്കത്തെ തുടർന്നാണ് അഞ്ചംഗ സംഘം തേജസിനെ കുത്തിയത്. സംഭവത്തില്‍ പ്രതികളെയും ഇവർക്ക് ഒളിയിടം ഒരുക്കിയ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത്, അഖില്‍രാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.
പ്രതികളില്‍ ഒരാളായ വിനു മുമ്പ് എൻഡിപിഎസ് കേസില്‍ പ്രതിയായിരുന്നുവെന്നും, സംഘം മുൻപും അക്രമങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. തേജസിന്റെ അമ്മ സൗമ്യയും സഹോദരി ലച്ചുവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തെത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ശനി രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ ആദിത്യനും സുഹത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിച്ചു. കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും 3 തവണ കുത്തുകയായിരുന്നു. കുത്തുമ്പോള്‍ പ്രായപൂർത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സുകള്‍ ഘടിപ്പിച്ച ഫ്ലോട്ടില്‍ എല്‍ഇഡി കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
കുത്തിയ പ്രതികള്‍ നിമിഷ നേരം കൊണ്ട് സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്ലോട്ട് കടന്നു പോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. ഇതു കണ്ടു വന്ന തേജസിന്റെ സുഹൃത്തുക്കള്‍ എന്തുപറ്റിയെന്ന് അവനോട് ചോദിച്ചു. തന്നെ ആരോ പിന്നില്‍ നിന്ന് കുത്തിപരുക്കേല്‍പ്പിച്ചെന്നും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോകാനും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്തുക്കള്‍ അതുവഴി വന്ന പല വാഹനങ്ങള്‍ക്ക് കൈകാണിച്ചിട്ടും പലരും വാഹനം നിർത്താൻ തയാറായില്ല. പിന്നീട് അതുവഴി ഐസ് കൊണ്ടു വന്ന പിക് അപ് ഒാട്ടോറിക്ഷയില്‍ പാലത്തറ സഹകരണ ആശുപത്രിയില്‍ തേജസിനെ എത്തിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഒാടെ തേജസ് മരിച്ചു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്ഐ കെ.സൗരവ്, സിപിഒ ഹരീഷ്, ഡാൻസാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വൻ പൊലീസ് സംഘം പലഭാഗങ്ങളിലേക്ക് തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുലർച്ചെ 4.30ന് വെളിച്ചിക്കാലയിലുള്ള അഖില്‍ രാജിന്റെ വീട്ടില്‍ നിന്ന് 5 പേരെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 പേരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. മറ്റ് 4 പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് വൻ തിരച്ചില്‍ നടത്തി. പുലർച്ചെ 4.30ഓടെ വെളിച്ചിക്കാലയിലെ ഒരു വീട്ടില്‍ നിന്ന് അഞ്ച് പേരെ പിടികൂടി. പ്രതികള്‍ക്ക് അഭയം നല്കിയ അഖില്‍രാജിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി, മറ്റു പ്രതികളെ റിമാൻഡ് ചെയ്തു.

