ബെംഗളൂരു: ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ അഡുഗോഡി പ്രദേശത്തുള്ള ഫ്ലാറ്റിലാണ് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജാർഖണ്ഡ് സ്വദേശിയായ പൂജ ദത്താണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി അഡുഗോഡിയിലെ ഒരു മള്‍ട്ടി സ്റ്റോറി കെട്ടിടത്തിലെ മൂന്നാം നിലയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് പൂജ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പൂട്ടികിടന്നിരുന്ന ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ വീട്ടുടമയെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നമായതും അഴുകിയ നിലയിലുമായിരുന്നു മൃതദേഹം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം രക്തത്തില്‍ കണ്ടെത്തിയതും സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നു. മുറിയില്‍ കീറിയ പേപ്പറുകളും സമീപത്ത് ഓണ്‍ ചെയ്ത നിലയില്‍ ഫാനുമുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു.
പൊലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും പരിചയക്കാരെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. സമീപവാസികള്‍ ദുർഗന്ധം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത്. പൂജയുടെ വീട്ടില്‍ സ്ഥിരമായി ഒരു പുരുഷൻ എത്താറുണ്ടായിരുന്നുവെന്നും ഇരുവരും തമ്മില്‍ പലപ്പോഴും തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും വീട്ടുടമ പറയുന്നു. അവള്‍ വീട്ടില്‍ വലിയ സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിച്ചിരുന്നതായും ഇത് അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായും വീട്ടുടമ വ്യക്തമാക്കി.

