മഴക്കാലത്തെ മുടി ഉണക്കൽ വലിയ ഒരു സമസ്യ തന്നെയാണ്. അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നതിനാൽ മുടി ഉണങ്ങുന്നതിന് നല്ല സമയമെടുക്കും. തുടർച്ചയായി മുടി ഉണങ്ങാതെ കെട്ടിവെച്ചാൽ തലമുടി അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫംഗൽ ഇൻഫെക്‌ഷനുകൾ, ചീത്ത മണം, മുടി കൊഴിച്ചിൽ, താരൻ, പേൻ ശല്യം എന്നിവയൊക്കെ ഇതിന്റെ ഫലമായി ഉണ്ടകാം. നല്ല നീണ്ട കട്ടിയുള്ള മുടിയുള്ളവർക്കാണെങ്കിൽ കേശ സംരക്ഷണം നല്ല ഒരു പണി തന്നെയാണ്.
കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ച് മുടിക്കും സംരക്ഷണം നൽകണം. മഴക്കാലത്ത് മുടി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴക്കാലത്ത് മുടി നനഞ്ഞതാണെന്നു കരുതി തല കുളിക്കാതിരിക്കരുത്. മുടിയും ശിരോ ചർമവും കഴുകി ഉണക്കിവയ്‌ക്കുക. വീര്യം കുറഞ്ഞ ഷാമ്പുവോ താളിപ്പൊടിയോ കൊണ്ട് മുടിയിലെ അഴുക്ക് കളയാം.
നനഞ്ഞ മുടി കെട്ടിവയ്ക്കരുത്.ആഴ്ചയിൽ രണ്ടുതവണ കാച്ചിയ എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഹോട്ട് ഓയിൽ മസാജ് ചെയ്യാം. മുടിയിൽ പുക കൊള്ളിക്കുക.
കുളികഴിഞ്ഞ് മൃദുവായ തോർത്ത് ഉപയോഗിച്ച് തല തോർത്തുക. ഒരിക്കലും മുടിയിഴകളെ അമർത്തി തോർത്തരുത്. അത് പെട്ടെന്ന് മുടി പൊട്ടിപ്പോകാൻ ഇടയാക്കും. അകന്ന പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. നനഞ്ഞ മുടി ചീകാതിരിക്കുക.
മുടിയുടെ വളർച്ചയ്ക്ക് ആരോഗ്യമുള്ള മനസ്സും നല്ല ഉറക്കവും ആവശ്യമാണ്. ആറുമുതൽ എട്ടു മണിക്കൂർവരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ചെമ്പരത്തി ഇലയും മൈലാഞ്ചിയും അരച്ചുതേച്ച് മുടിയിൽ ഹെയർ പാക്ക് ഇടാം. അതുപോലെ കറ്റാർ വാഴയുടെ പൾപ്പ് മുടിയിലും തലയോട്ടിയിലും പുരട്ടാം.
ഏത് ഹെയർ പാക്ക് ഇടുമ്പോഴും മുടിക്ക് അനുയോജ്യമാണോ എന്ന് നോക്കിമാത്രം പ്രയോഗിക്കുക. തലയിൽ നീരിറക്കം ഉള്ളവരും അലർജി പ്രശ്നങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എന്ത് ചികിത്സയ്‌ക്കും ഒരു ഡോക്ടറുടെ ഉപദേശം തേടുക.
കൂടാതെ പ്രോട്ടീൻ, ധാതുക്കൾ, അയൺ, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടി ആരോഗ്യവും ഭംഗിയുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു.