കൊച്ചി : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം നിലവില്‍ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിന് അകലെയായി സ്ഥിതിചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുന്നത്. മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.