മുംബൈ: രണ്ടാം ടെസ്റ്റിൽ പിന്നിൽ നിന്നും പൊരുതിയെത്തുന്ന വെസ്റ്റ് ഇൻഡീസിന്റെ കാമ്പുള്ള ഹോപ്പിൽ ആവേശം കൊണ്ട് ആരാധകർ..! ഓപ്പണിംങ് റോളിൽ പ്രതിരോധത്തിന്റെ ഹൈക്ലാസ് ഇന്നിംങ്‌സുമായി ജോൺ കാമ്പല്ലും, അത്യാവശ്യത്തിന് മാത്രം ആക്രമണം പുറത്തെടുത്ത ഹോപ്പും നൽകിയ പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനം ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്ത്യ ആദ്യ ഇന്നിംങ്‌സിൽ അടിച്ചെടുത്ത 518 റണ്ണിനെതിരെ ആദ്യ ഇന്നിംങ്‌സിൽ വെസ്റ്റ് ഇൻഡീസിന്റെ എല്ലാവരും പുറത്തായപ്പോൾ 248 റൺ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, രണ്ടാം ഇന്നിംങ്‌സിൽ പൊരുതി നിന്ന വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇതുവരെ 173 റൺ നേടിയിട്ടുണ്ട്.
രണ്ടാം ദിനം നാലു വിക്കറ്റിന് 140 എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച വെസ്റ്റ് ഇൻഡീസ് എത്രത്തോളം മുന്നോട്ട് പോകുമെന്ന ആശങ്കയാണ് ഉയർന്നിരുന്നത്. മൂന്നാം ദിവസത്തിലെ ലഞ്ച് വരെയെങ്കിലും പിടിച്ചു നിൽക്കാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ട സ്ഥലത്ത് നിന്ന് നൂറിനു മുകളിൽ റണ്ണെടുക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചു. ലഞ്ചിനു പിരിയുമ്പോൾ 217 ന് എട്ട് എന്ന നിലയിലായിരുന്ന വെസ്റ്റ് ഇൻഡീസ് വാലറ്റം നടത്തിയ ചെറുത്തു നിൽപ്പിലൂടെയാണ് 248 റണ്ണിൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ദിനം ആദ്യം വെസ്റ്റ് ഇൻഡീസിനു നഷ്ടമായത് ഷായ് ഹോപ്പിന്റെ വിക്കറ്റായിരുന്നു. 57 പന്തിൽ 36 റൺ എടുത്ത ഹോപ്പിനെ കുൽദീപ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. 163 ൽ ടെൽവിൻ ഇൽമ്മാച്ചിനെയും (21), 174 ൽ ജസ്റ്റിൻ ഗ്രീവ്‌സിനെയും (17) കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. സ്‌കോർ 175 ൽ നിൽക്കെ വാരിക്കാനെ(1) ക്ലീൻ ബൗൾഡ് ചെയ്ത് സിറാജ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 175 ന് എട്ട് എന്ന നിലയിൽ തകർന്നതോടെ, അതിവേഗം വെസ്റ്റ് ഇൻഡീസ് പ്രതിരോധം അവസാനിക്കുമെന്നായി ഇന്ത്യൻ പ്രതീക്ഷ. എന്നാൽ, ഖായി പിയേറിയും (23), ആൻഡേഴ്‌സൺ ഫിലിപ്പും (24), ജയഡാൻ സീൽസും (13) ചേർന്നു നടത്തിയ ചെറുത്തു നിൽപ്പാണ് ലീഡ് ഭാരം കുറച്ചത്. പിയേറിയെ ബുംറയും, ജയ്ഡാൻ സീൽസിനെ കുൽദീപും വീഴ്ത്തിയതോടെ വെസ്റ്റ് ഇൻഡീസ് പ്രതിരോധം അവസാനിച്ചു.
ഫോളോ ഓണിൽ ബാറ്റിംങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന്റെ മുന്നേറ്റ അത്ര പ്രതീക്ഷാ നിർഭരമായിരുന്നില്ല. സ്‌കോർ 17 ൽ എത്തിയപ്പോൾ ടാഗ് നരൈൻ ചന്ദ്രപോൾ (10) പുറത്തായി. 35 ൽ അലിക് അതാൻസേ കൂടി (7) വീണതോടെ വെസ്റ്റ് ഇൻഡീസ് പതിവിലേയ്ക്കു തിരിച്ചു പോകുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. ഇവിടെയാണ് പ്രതീക്ഷയുടെ പൊൻവെളിച്ചമായി ഹോപ്പും കാമ്പെല്ലും ഉയർത്തെഴുന്നേറ്റത്. കഴിഞ്ഞ എട്ട് ടെസ്റ്റുകളിൽ ആദ്യമായി 100 റൺ കൂട്ടു കെട്ട് വെസ്റ്റ് ഇൻഡീസിനു വേണ്ടി ഉയർത്തിയ സംഘം പിരിയാതെ മൂന്നാം വിക്കറ്റിൽ ഇതുവരെ 138 റൺ ചേർത്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനു മൂന്നാം ദിനം രണ്ടാം ഇന്നിംങ്‌സിൽ നഷ്ടമായ ഓരോ വിക്കറ്റുകൾ സിറാജും, വാഷിംങ്ടണും പങ്കിട്ടു.


