ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ ഈജിപ്തിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചു. അവസാന നിമിഷത്തിലാണ് മോദിക്ക് ക്ഷണം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈജിപ്‌തും മോദിയെ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ഉച്ചകോടിയിൽ മോദി പങ്കെടുക്കുമോ എന്നത് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ ഇരുപതോളം രാജ്യങ്ങളുടെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, പ്രാദേശിക സമാധാനവും സ്‌ഥിരതയും ഉറപ്പാക്കുക, സുരക്ഷാ ഘടനയ്ക്ക് തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിൻവലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര യോഗമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുവെങ്കിൽ ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്‌ചക്കും അവസരം ലഭിക്കുമെന്ന് സൂചനയുണ്ട്. മധ്യപൂർവദേശത്ത് ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള വേദിയായും ഇത് കണക്കാക്കുന്നു.ഇതിനിടെ, പുതുതായി നിയമിതനായ യുഎസ് അംബാസഡർ സെർജിയോ ഗോർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.


