കൊളംബോ: പാക്കിസ്ഥാനെതിരായ ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ ഉയർത്തിയ 175 റണ്ണിനെതിരെ പാക്കിസ്ഥാൻ 17 ഓവറിൽ 114 ന് എല്ലാവരും പുറത്തായി. പാക്കിസ്ഥാൻ ഇന്നിംങ്‌സിലെ ആദ്യ വിക്കറ്റും അവസാന വിക്കറ്റും പിഴുത പാണ്ഡ്യ ഹീറോയായി മാറി.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയെ ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ച് അഭിഷേക് ശർമ്മയെ അക്കൗണ്ട് തുറക്കും മുൻപ് സൽമാൻ ആഗ പുറത്താക്കി. ഷഹീൻ ഷാ അഫ്രീദിയ്ക്കായിരുന്നു ക്യാച്ച്. പാക്കിസ്ഥാന് ലഭിച്ച ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പാക്കിസ്ഥാൻ ബൗളർമാരെ തല്ലിത്തകർത്ത് ഇഷാൻ കിഷൻ പോക്കറ്റ് ഡൈനാമോ ആയി തകർത്തടിച്ചതോടെ പാക്കിസ്ഥാൻ തീർത്തും പ്രതിരോധത്തിലായി. ഇന്ത്യൻ സ്‌കോർ 88 ൽ എത്തിയപ്പോഴാണ് കിഷൻ പുറത്തായത്. അപ്പോഴേയ്ക്കും 40 പന്തിൽ മൂന്നു സിക്‌സും 10 ഫോറും സഹിതം കിഷാൻ 77 റണ്ണെടുത്തിരുന്നു. ഇന്ത്യൻ സ്‌കോറിന്റെ 70 ശതമാനവും സ്വന്തമാക്കിയത് കിഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിഷൻ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ബാറ്റിംങ് നിരയുടെ പിന്നോട്ട് പോക്കാണ് കണ്ടത്. സ്‌കോർ 126 ൽ നിൽക്കെ തിലക് വർമ്മയും (25), പിന്നാലെ പാണ്ഡ്യയും (0) പുറത്തായി. 159 ൽ സൂര്യ (32) കൂടി പുറത്തായതോടെ ഇന്ത്യ തീർത്തും പ്രതിരോധത്തിലായി. എന്നാൽ, 17 പന്തിൽ 27 റൺ എടുത്ത ശിവം ദുബൈ ആണ് ഇന്ത്യയെ മാന്യമായ സ്‌കോറിൽ എത്തിച്ചത്. ഇന്ത്യൻ ബാറ്റിംങിന്റെ അവസാന രണ്ട് പന്തുകളിൽ ശിവം ദുബൈയും , അക്‌സർ പട്ടേലും (0) പുറത്തായി. പാക്കിസ്ഥാന് വേണ്ടി അലിം അയൂബ് മൂന്നും, സൽമാൻ ആഗ , ഷഹിൻ ഷാ അഫ്രീദി, അസ്മാൻ താരീഖ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച പാക്കിസ്ഥാനെ മെയ്ഡൻ വിക്കറ്റോടെയാണ് ഇന്ത്യ സ്വീകരിച്ചത്. പാണ്ഡ്യയുടെ നാലാം പന്തിൽ ഫർഹാൻ ഡക്കായി മടങ്ങി. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ ബുംറയെ സിക്‌സിനു തൂക്കി തുടങ്ങിയ സലിം അയൂബിനെ (6) രണ്ടാം പന്തിൽ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി. അവസാന പന്തിൽ സൽമാൻ ആഗ (4) കൂടി വീണതോടെ മൂന്നി വിക്കറ്റിനൊപ്പം പാക്കിസ്ഥാന്റെ ആത്മവിശ്വാസം കൂടി ഇന്ത്യ തകർത്തു. ഈ വിഴ്ചയിൽ നിന്നും ഒരു ഘട്ടത്തിൽ പോലും പാക്കിസ്ഥാന് മുന്നേറാൻ സാധിച്ചില്ല.
ബാബർ അസമും (5), ഉസ്മാനും (44) ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബാബറിനെ വീഴ്ത്തിയ അക്‌സർ പട്ടേൽ ഇന്ത്യയ്ക്ക് മികച്ച ബ്രേക്ക് ത്രൂ ആണ് നൽകിയത്. അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയ ഉസ്മാനെയും പട്ടേൽ തന്നെ വീഴ്ത്തി. മുഹമ്മദ് നവാസിനെ (4) കുൽദീപും ഷഹബ്ദ് ഖാനെ (14) തിലക് വർമ്മയും വീഴ്ത്തിയതോടെ പാക്കിസ്ഥാൻ 78 ന് ഏഴ് എന്ന നിലയിൽ തകർന്നടിഞ്ഞു. ഫർഹിൻ അഷറഫിനെയും (10) , അബ്രാർ അഹമ്മദിനെയും (0) തൊട്ടടുത്ത പന്തുകളിൽ പുറത്താക്കിയ വരുൺ ചക്രവർത്തി പാക്കിസ്ഥാൻ നൂറ് കടക്കില്ലെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ, ഷഹിൻ ഷാ അഫ്രീദിയും(23) ഉസ്മാൻ താറിഖും (0) ചേർന്ന് തീർത്ത പ്രതിരോധം പാക്കിസ്ഥാനെ 100 കടത്തി. അവസാന ബാറ്ററായ ഉസ്മാനെ ക്ലീൻ ബൗൾഡ് ചെയ്ത പാണ്ഡ്യ ഇന്ത്യയ്ക്ക് 61 റൺ വിജയം സമ്മാനിച്ചു.


