തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കിയ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തി.തിരുവനന്തപുരത്തെ പ്രേംകുമാറിന്റെ വീട്ടില്‍ കടകംപള്ളി എത്തിയെങ്കിലും അദ്ദേഹത്തെ നേരില്‍ കാണാൻ സാധിച്ചില്ല. കടകംപള്ളി എത്തിയ സമയം പ്രേംകുമാർ വീട്ടില്‍ ഇല്ലാതിരുന്നതിനെത്തുടർന്നാണ് അദ്ദേഹത്തെ കാണാതെ തന്നെ കടകംപള്ളിക്ക് മടങ്ങേണ്ടിവന്നത്.
പാർട്ടിയില്‍ നിന്നും സർക്കാരില്‍ നിന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു ഈ സന്ദർശനം. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് അപ്രതീക്ഷിതമായി നീക്കിയതില്‍ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന് പ്രേംകുമാർ നേരത്തെ വിമർശിച്ചിരുന്നു. ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാർ ഇതിനെ വിശേഷിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിറ്റാണ്ടുകള്‍ നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാർത്തകളോട് പ്രതികരിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ രംഗത്തെത്തിയിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു എന്ന കാര്യം പ്രേംകുമാർ സ്ഥിരീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയില്ല. കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ കാര്യങ്ങള്‍ അടക്കം ചർച്ചയായെന്നുമാണ് പ്രേംകുമാർ പറഞ്ഞത്. കെ സിയുമായി നടത്തിയത് സൗഹൃദ ചർച്ച എന്നും അദ്ദേഹം വിശദീകരിച്ചു. നാളെ കെ സിയുമായി കൂടി കാഴ്ചയില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റിയതിലെ അമർഷം പരസ്യമാക്കിയതിന് പിന്നാലെയാണ് പ്രേംകുമാർ കോണ്‍ഗ്രസിലേക്കെന്ന വാർത്തകളും പുറത്തുവന്നത്.
കേരളത്തില്‍ സംസ്കാരിക വകുപ്പിന്റെ കീഴില്‍ വേറെയും അക്കാദമികള്‍ ഉണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയർമാന്മാരെ മാറ്റിയിട്ടുള്ളത്. പലയിടത്തും ഇതേ പടി തുടരുന്നു. ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. വൈസ് ചെയർമാൻ എന്ന നിലയില്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാറ്റാമായിരുന്നല്ലോ? തന്റെ പ്രവർത്തനത്തിന്റെ മികവ് കൂടി പരിഗണിച്ചാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചത്. ചലച്ചിത്ര പ്രവർത്തകരുടെ പ്രശ്നങ്ങള്‍ മുഴുവൻ നേരിട്ട് കേട്ട ആളാണ് താൻ. എല്ലാം പാതിവഴിയില്‍ നില്ക്കുമ്പോള് ആണ് തന്നെ മാറ്റിയത്. എന്ത് അടിയന്തര സാഹചര്യമായിരുന്നു അന്ന് ഉണ്ടായത്? ആശ സമരം പരിഹരിക്കാൻ ഇടപെടല്‍ ഉണ്ടാകണമെന്ന് സദുദ്ദേശത്തോടെയാണ് താൻ പറഞ്ഞത്. അതൊരു വിമർശനമായിരുന്നില്ല.
സഹപ്രവർത്തകരില്‍ ആരോ തന്നെയാണ് ആ വിവരം മാധ്യമപ്രവർത്തകർക്ക് ചോർത്തി കൊടുത്തത്. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോള്‍ സെക്രട്ടറിയേറ്റിനു മുൻപില് ഒരു സമരവും നടക്കാൻ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. സർക്കാരിനെതിരെ വിമർശനങ്ങള്‍ നടത്തിയിട്ടും സച്ചിദാനന്ദൻ ഇപ്പോഴും ഈ സ്ഥാനത്ത് തുടരുന്നു. സ്വാഭാവിക നടപടി അല്ല തന്റെ കാര്യത്തില്‍ സ്വീകരിച്ചത്. രണ്ട് അക്കാദമികള്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തിയും പാർട്ടിയില്‍ നിന്നോ സർക്കാരില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ തന്നെ വിളിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി എത്രനാളായി അതേ സ്ഥാനത്ത് തുടരുന്നു. പദവിയുടെ കാര്യത്തില്‍ സർക്കാർ കാണിച്ചത് ഇരട്ട നീതിയാണെന്നടക്കം പ്രേംകുമാർ അഭിപ്രായപ്പെട്ടു.


