കുടുംബത്തിന് പിന്നാലെ ഇന്ത്യൻ ടീമിലും പാണ്ഡ്യയ്ക്ക് തിരിച്ചടി : വൈസ് ക്യാപ്റ്റൻ ആയി പോലും പാണ്ഡ്യ ഇല്ല 

ന്യൂഡല്‍ഹി: ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരമ്ബരയാണ് ശ്രീലങ്കക്കെതിരേ ഈ മാസം 27-ന് തുടക്കമാവുക. രാഹുല്‍ ദ്രാവിഡിന്റെ പിൻഗാമിയായി ഗംഭീർ ചുമതല ഏറ്റെടുത്തതോടെ ടീം സ്ക്വാഡിലും അതിന്റേതായ മാറ്റങ്ങള്‍ കാണാൻ കഴിഞ്ഞെന്നാണ് വിലയിരുത്തലുകള്‍. ടീം സെലക്ഷൻ പ്രക്രിയയില്‍ ഗംഭീറിന് മേല്‍ക്കോയ്മ ലഭിച്ചതിന്റെ കുറെ ഉദാഹരണങ്ങള്‍ കാണാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ മുൻപ് ഗംഭീറിന്റെ വൈസ് ക്യാപ്റ്റനായ സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കി നിശ്ചയിച്ചതാണ് അതിലൊന്ന്. രോഹിത് ശർമക്ക് കീഴില്‍ ഐ.സി.സി. മത്സരങ്ങളില്‍ വരെ ഹാർദിക് പാണ്ഡ്യയായിരുന്നു ക്യാപ്റ്റൻ. സ്വാഭാവികമായും ശ്രീലങ്കൻ പര്യടനത്തിനുള്ള ടി20 ടീമിന്റെയും ക്യാപ്റ്റൻസി ചുമതല ഹാർദിക് വഹിക്കുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ സെലക്ഷൻ പ്രക്രിയയുടെ അവസാന ഘട്ടങ്ങളില്‍ സ്ഥിതിഗതികള്‍ മാറി. ഹാർദിക്കിന് പകരം സൂര്യകുമാറിന്റെ പേര് ക്യാപ്റ്റൻസിയിലേക്കെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഒടുക്കം അത് യാഥാർഥ്യമായി.

Advertisements

ബി.സി.സി.ഐ.യുടെ കോണ്‍ട്രാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്ന ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയതാണ് മറ്റൊന്ന്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ അയ്യർ, ഏകദിന ടീമില്‍ ഉള്‍പ്പെട്ടത് ഗംഭീറിന്റെ കൂടി സ്വാധീനത്തിലാണെന്ന വിലയിരുത്തല്‍ ശക്തമാണ്. കൊല്‍ക്കത്തയില്‍നിന്ന് റിങ്കു സിങ്ങും (ടി20) ഹർഷിത് റാണയും (ഏകദിനം) ടീമില്‍ ഉള്‍പ്പെട്ടു. അതേസമയം ബി.സി.സി.ഐ. കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍നിന്ന് തഴഞ്ഞ ഇഷാൻ കിഷൻ ഇപ്പോഴും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും പരിഗണിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹാർദിക് പാണ്ഡ്യയില്‍നിന്നുള്ള ക്യാപ്റ്റൻസി നീക്കം യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കരുതാൻ വകയില്ല. സിംബാബ്വെയ്ക്കെതിരായ ടി20 പരമ്ബരയ്ക്കു മുന്നെത്തന്നെ അടുത്ത സ്ഥിരം ക്യാപ്റ്റനാരെന്ന അനിശ്ചിതത്വം സെലക്ടർമാരില്‍ ഉടലെടുത്തിരിക്കണം. ശുഭ്മാൻ ഗില്ലിനെയായിരുന്നു അന്ന് ക്യാപ്റ്റനായി പരിഗണിച്ചത്. പരമ്ബര ഇന്ത്യ 4-1ന് ജയിക്കുകയും ചെയ്തു. ഇതോടെ ശ്രീലങ്കൻ പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും ഗില്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻസിയില്‍നിന്നും വൈസ് ക്യാപ്റ്റൻസിയില്‍നിന്നും നീക്കപ്പെടുകയും ചെയ്തു.

ഹാർദിക്കിനെ ക്യാപ്റ്റൻസിയില്‍നിന്ന് തഴഞ്ഞതിന് പല വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരുണ്ട്. ഐ.പി.എലില്‍ മുംബൈ ഇന്ത്യൻസിനെ ഒത്തൊരുമയോടെ കൊണ്ടുപോവാൻ കഴിയാത്തതാണ് ഒരു കാര്യം. ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കുന്ന പരിക്കുകളും ഫിറ്റ്നസ് സംബന്ധിച്ച പ്രശ്നങ്ങളും കാരണം ഹാർദിക് പലപ്പോഴും ടീമിന് പുറത്താവുന്നതിന് കാരണമാവാറുണ്ട്. ഇത് ക്യാപ്റ്റൻസിയില്‍ വെല്ലുവിളി ഉയർത്തും. അതിനാല്‍ ശുഭ്മാൻ ഗില്ലിനെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കുക എന്ന ഉദ്ദേശ്യത്തിലുള്ള ഗംഭീറിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയായിരിക്കാനും സാധ്യതയുണ്ട്. 2027-ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുക. അപ്പോഴേക്ക് ഗില്ലിലെ ക്യാപ്റ്റൻസിയെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യവും രണ്ട് ഫോർമാറ്റിലും വൈസ് ക്യാപ്റ്റനാക്കിയതിനു പിന്നിലുണ്ടാവാം.

സിംബാബ്വെയ്ക്കെതിരേ സെഞ്ചുറി നേടിയ അഭിഷേക് ശർമ, ടി20 ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ കുല്‍ദീപ് യാദവ്, സിംബാബ്വെയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവർ ടീമില്‍ ഉള്‍പ്പെടാതെ പോയതാണ് മറ്റൊരു വലിയ കാര്യം. ടി20 ലോകകപ്പില്‍ വെറും അഞ്ച് മത്സരങ്ങളില്‍നിന്ന് പത്ത് വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ജോലിഭാരം വകവെച്ചായിരിക്കണം ഒരുപക്ഷേ, കുല്‍ദീപിനെ ടി20യില്‍നിന്ന് ഒഴിവാക്കിയത്. ഏകദിന ടീമില്‍ കുല്‍ദീപ് സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

അതേസമയം രവി ബിഷ്ണോയ്യെ ടീമില്‍ ഉള്‍പ്പെടുത്തി. ഗംഭീർ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമായിരിക്കേ കുല്‍ദീപിന്റെ കളി അടുത്തുനിന്ന് മനസ്സിലാക്കിയ വ്യക്തിയാണ്. അത് ബിഷ്ണോയ്യെ ടീമില്‍ നിലനിർത്തുന്നതിന് സഹായിച്ചിരിക്കണം. സിംബാബ്വെയ്ക്കെതിരേ ഇന്ത്യൻ ജഴ്സിയില്‍ അരങ്ങേറ്റം നടത്തി, രണ്ട് ഇന്നിങ്സുകളില്‍നിന്ന് 24 റണ്‍സ് മാത്രം നേടിയ റിയാൻ പരാഗ് ഏകദിന-ടി20 ടീമില്‍ ഉള്‍പ്പെട്ടു. ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ എന്നിവരെ മറികടന്നാണ് പരാഗ് ഇടം പിടിച്ചത്. അതേസമയം സിംബാബ്വെയ്ക്കെതിരേ ഒരു വെടിക്കെട്ട് സെഞ്ചുറി ഉള്‍പ്പെടെ നേടി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തിയ അഭിഷേക് ശർമ ഒരു ടീമിലും ഉള്‍പ്പെട്ടതുമില്ല.

Hot Topics

Related Articles