വിജയ് ചിത്രം ജനനായകന്റെ റിലീസിന് മാറ്റമില്ല. ചിത്രം ജനുവരി 9 ന് പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ഉടനെ തന്നെ സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിക്കും. നിലവിൽ ചില തിയേറ്ററുകളിൽ മാത്രം ബുക്കിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ സിനിമയ്ക്ക് ലഭിക്കുന്നത്.
ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല. ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിട്ടാണ് സിനിമയുടെ റൺ ടൈം എന്നാണ് റിപ്പോർട്ട്. അതേസമയം ആദ്യ ദിനം വലിയ കളക്ഷൻ സിനിമ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനനായകന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു. ജനനായകനിൽ 275 കോടിയാണ് വിജയ്യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ്യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.


