കട്ടപ്പന : നാട് മുഴുവൻ ഭയന്ന് മാറി നിന്നിട്ടും പൊലീസ് പിന്നോട്ട് പോയില്ല ! സാക്ഷികൾക്ക് കരുത്തു നൽകി കാവൽ നിന്ന കാക്കിയുടെ കരുത്തിൽ ക്രിമിനലിന്റെ കൊടുംക്രൂരതയ്ക്ക് ജീവപര്യന്തം. ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് കട്ടപ്പന സ്വദേശിയെ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കട്ടപ്പന അമ്പലക്കല കാവുംപടി മഞ്ഞങ്കൽ വീട്ടിൽ പോത്തൻ അഭിലാഷി (ആന അഭിലാഷ് – 40) നെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2013 ൽ ഭാര്യ പിതാവിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2013 ൽ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റെജി എം കുന്നിപ്പറമ്പന്റെ നേത്യത്വത്തിൽ എസ് ഐമാരായ സുധാകരൻ, സജിമോൻ ജോസഫ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ സിനോജ് പി.ജെ എന്നിവർ അടങ്ങുന്നസംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂരമായി പരിക്കേൽപ്പിക്കുന്ന സ്വഭാവം ഇയാൾക്കുള്ളതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതി 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തതിനും കേസ് നിലവിലുണ്ട്. ഇത് സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നതിന് നിരവധി പരാതികളുണ്ട്.
2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്ക് ഏൽപ്പിച്ചതിനും കേസുണ്ട്. 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം തന്റെ അയൽവാസിയായ ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചതിനും കേസുണ്ട്.
പ്രതി വിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ ആയ ഷാജിയെ യാണ് 2019 ഡിസംബർ മാസം ഇരുപത്തിയഞ്ചാം തീയതി പ്രതിമാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. ഈ ആക്രമണത്തിൽ ഒരു വശം തളർന്നു പോയ ഷാജി ഇന്നും തളർന്നു കിടപ്പാണ്. കൃത്യത്തിനു ശേഷം ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്നും ഒരു വർഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു.
പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസുണ്ട്. ഈ കേസിൽ ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോർജ്, സിനോജ്, ജോബിൻ ജോസ് സി.പി. ഒ അനീഷ് വി കെ, ഡ്രൈവർ സീനിയർ സി.പി. ഒ അനീഷ് വിശ്വംഭരൻ എന്നിവർ ചേർന്ന് അതി സാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് കാപ്പ നിയമപ്രകാരം പിടികൂടി കോടതിയിൽ ഹാജരാക്കി. ഇതിന് ശേഷം ജെ.ജെ ആക്റ്റ് പ്രകാരവും കാപ്പാ നിയ പ്രകാരവും ജയിലിൽ കഴിയുന്നതിനിടെയാണ് കേസിൽ വിചാരണ നടന്നത്. പ്രതി ജയിലിൽ നിന്നും ഇറങ്ങിയ സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിഞ്ഞു വന്നിരുന്നത്. ഏതുസമയവും പ്രതിയുടെ പിന്നിൽ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ലയിരുന്നു.
പോലീസ് പിടികൂടാൻ ശ്രമിക്കുമ്പോൾ എല്ലാം പോലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ് ഇയാൾക്കെതിരെയുള്ള കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ കോടതിയുടെ വിചാരണയിൽ ഇരിക്കുകയാണ് പുറത്തിറങ്ങിയാൽ സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ഇയാൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് പൊതുജനങ്ങൾ വിലയിരുത്തുന്നത്. ഇനിയെങ്കിലും സമീപ വാസികൾക്കും പൊതുജനങ്ങൾക്കും ഏതു സമയത്തും പുറത്തിറങ്ങി നടക്കാൻ പറ്റുമെന്ന ആശ്വാസത്തിലാണ് സമീപ വാസികൾ ഇയാളുടെ ശിക്ഷ പൊതുജനങ്ങൾക്ക് സ്വൈര്യജീവിതം നയിക്കുന്നതിന് സഹായകരമാണ്. ആദ്യ കാലഘട്ടം മുതൽ ഇയാളുടെ പേരിലുള്ള വിവിധ കേസുകൾ അന്വേഷണം നടത്തുകയും എല്ലാ കേസുകളിൽ ഇയാളെ പിടികൂടി ജയിലിൽ അടച്ചിട്ടുള്ള എല്ലാ പോലീസുദ്യോഗസ്ഥരോടുമുള്ള നന്ദി സമീപ വാസികളായ നിരവധി ആളുകൾ ഫോണിൽ വിളിച്ച് അറിയിക്കുന്നതായി പോലിസ് പറഞ്ഞു.
പ്രോസിക്യുഷന് വേണ്ടിപബ്ലിക്പ്രോസിക്യൂട്ടർ അഡ്വക്കറ്റ് മനോജ് കുര്യൻ ഹാജരായി. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ മേൽനോട്ടത്തിലാണ് ഈ കേസിന്റെ വിചാരണയ്ക്കായി പോലീസ് വേണ്ട തയ്യാറെടുപ്പ് നടത്തിയത്. കേസിലെ ഓരോ സാക്ഷികൾക്കും സംരക്ഷണം ഒരുക്കിയ പോലീസ് പ്രതിയിൽ നിന്നുള്ള ഭീഷണി ഒഴിവാകാൻ നിർണായകമായ ഇടപെടലുകളും നടത്തി. ഇതോടെയാണ് സാക്ഷികൾ നിർഭയമായി കോടതിയിൽ മൊഴി നൽകിയത്. തുടർന്നാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.