കേരള തീരത്തെ മത്തി ലഭ്യതയിൽ വൻ വർധനവ് : ഇന്ത്യൻ തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ സമുദ്ര മത്സ്യം

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാള്‍ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) റിപ്പോർട്ട്. കേരള തീരത്തെ മത്തി ലഭ്യതയിലുണ്ടായ വൻ വർധനവ് കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന നിലയിലെത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.

Advertisements

രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാടാണ്. 6.85 ലക്ഷം ടണ്‍. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തില്‍ മത്തി കൂടി
കേരളത്തില്‍ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തല്‍-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാല്‍, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു.

മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീൻ (43,184 ടണ്‍), ചെമ്മീൻ (40,443 ടണ്‍) എന്നിവയാണ് കേരളത്തില്‍ കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

കൂടുതല്‍ മീൻ ലഭിച്ചത് എറണാകുളത്ത്

ശക്തമായ മഴയും ചരക്കു കപ്പല്‍ അപകടവും കാരണം മെയ്, ജൂണ്‍ മാസങ്ങളില്‍ തെക്കൻ ജില്ലകളില്‍ മത്സ്യബന്ധന ദിവസത്തില്‍ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാർബറുകളില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്‍. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലഭിച്ചത് അയല

രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം (2.70 ലക്ഷം ടണ്‍). സമുദ്ര മ്‌ത്സ്യോല്‍പാദനത്തില്‍ കർണാടകയില്‍ 44 ശതമാനവും മഹാരാഷ്ട്രയില്‍ 18 ശതമാനവും വർധനവ് രേഖപ്പെടുത്തി.

അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തി പോലുള്ള ചെറിയ മീനുകള്‍ക്ക് ഗുണകരമായതെന്ന് സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

വരുമാനത്തിലും വർധനവ്

സമുദ്രമത്സ്യ മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വർധനയുണ്ടായി. ഇന്ത്യയിലാകെ ലാൻഡിംഗ് സെന്ററുകളില്‍ 69,254 കോടി രൂപയും (10.45 ശതമാനം വർധനവ്) ചില്ലറ വിപണിയില്‍ 97,702 കോടി രൂപയും (8.43 ശതമാനം വർധനവ്) വിറ്റുവരവുണ്ടായി. കേരളത്തില്‍ ലാൻഡിംഗ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും (17.8% വർധനവ്), ചില്ലറ വിപണിയിലേത് 16,681 (11.1% വർധനവ്) കോടി രൂപയുമാണ്. വിപണന കാര്യക്ഷമതയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം).

സിഎംഎഫ്‌ആർഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്. ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ്, വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ ജെ ജയശങ്കർ, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ കെ എസ് ശോഭന, ഡോ ജോസ്്‌ലീൻ ജോസ്, ഡോ വിവിആർ സുരേഷ്, ഡോ കൃപേഷ് ശർമ എന്നിവർ വാർത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

Hot Topics

Related Articles